ന്യൂഡല്‍ഹി: വിദ്യാർത്ഥികള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് 'കോക്രോച്ച് ജനതാ പാർട്ടി' (CJP).
സർക്കാർ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ച് വരും തലമുറയുടെയും യുവാക്കളുടെയും ഭാവി സംരക്ഷിക്കാൻ തെരുവിലിറങ്ങാൻ പാർട്ടി ആഹ്വാനം ചെയ്തു.
പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി വക്താക്കള്‍ അറിയിച്ചു.വിദ്യാർത്ഥികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകള്‍ പൂർണ്ണമായും പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും അന്വേഷണ നടപടികള്‍ നിർത്തിവെക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പാർട്ടിയുടെ പ്രധാന ആരോപണം.
വിദ്യാർത്ഥികള്‍ക്കെതിരെ ഡല്‍ഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ പുതിയ കേസുകള്‍ എടുക്കില്ലെന്നും, നിലവിലുള്ള കേസുകള്‍ ഒഴിവാക്കുമെന്നും സർക്കാർ നല്‍കിയ ഉറപ്പ് ഔദ്യോഗികമായി കോടതിയെ അറിയിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു.ബീഹാർ, അസം, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെ വ്യാപകമായി പോലീസ് നടപടിയുണ്ടായി.
ബീഹാറില്‍ തേജ് പ്രതാപ് യാദവ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വിദ്യാർത്ഥികള്‍ക്കെതിരായ കേസുകള്‍ അടിയന്തരമായി പിൻവലിച്ചില്ലെങ്കില്‍ ഇത് രാജ്യത്തെ യുവാക്കളോട് കാണിക്കുന്ന വലിയ വിശ്വാസവഞ്ചനയായിരിക്കുമെന്നും, ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കേന്ദ്ര സർക്കാർ മറുപടി പറയേണ്ടി വരുമെന്നും സി.ജെ.പി മുന്നറിയിപ്പ് നല്‍കി.
