കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി നിലനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊവിഡ് ലക്ഷണമുള്ളവര്‍ക്കുള്ള ഒ.പി എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ആരംഭിക്കാന്‍ തീരുമാനമായി. കളക്ടര്‍ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി വി.എസ് സുനില്‍കുമാറും ആശുപത്രി പ്രതിനിധികളും നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സിംഗ് ചര്‍ച്ചയിലാണ് തീരുമാനം. നിലവില്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയിരുന്ന വിദഗ്ദ്ധചികിത്സകള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗവും ജനറല്‍ മെഡിസിന്‍ വിഭാഗവും കൊവിഡ് സമ്ബര്‍ക്കം മൂലം അടച്ചിരുന്നു.
ആശുപത്രിയിലെ സ്ഥല പരിമിതിയും രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവും കണക്കാക്കിയാണ് പുതിയ തീരുമാനം. ഗുരുതരമായ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കായിരിക്കും പി.വി.എസ് ആശുപത്രിയിലെ ഒ.പി സംവിധാനം ലഭ്യമാക്കുക. നിസാരമായ ലക്ഷണങ്ങളുള്ളവര്‍ക്ക് ടെലി മെഡിസിന്‍ വഴി ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കും. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി കളമശേരിയിലേക്കും നെഗറ്റീവ് ആകുന്ന വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും അയക്കും.
ഇതിന് പുറമെ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളായ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി മഹാരാജാന്‍ ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിരീക്ഷണത്തിലുള്ള രോഗികളെ താമസിപ്പിക്കാനുള്ള സംവിധാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. എം.പി. ഹൈബി ഈഡന്‍, എം.എല്‍.എ. ടി.ജെ വിനോദ്, ഡി.എം.ഒ ഡോ.എന്‍.കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്‌ട് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്ബേലി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.