
കോട്ടയം:സോളാര്‍ വൈദ്യുതിയില്‍ സഞ്ചാരികളുമായി കുതിച്ച് വേമ്ബനാട്ട് കായലില്‍ ചരിത്രമെഴുതിയ ആദിത്യ ബോട്ടിന് മൂന്ന് വയസാകുമ്ബോള്‍ കീര്‍ത്തി കടലും കടന്നു. ഇന്ത്യയിലെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയുടെ പ്രവര്‍ത്തനം മനസിലാക്കാനും പകര്‍ത്താനും നാല്പത് രാജ്യക്കാരാണ് ഇതുവരെ എത്തിയത്. ആദിത്യ നല്കിയ പ്രചോദനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തിനകം സൗരോര്‍ജ യാത്രാ ബോട്ടുകള്‍ നീരണിയും.
ആദിത്യ എന്ന പേര് തന്നെ അന്വര്‍ത്ഥം. സൂര്യന്റെ പര്യായം. സൂര്യന്റെ ഊര്‍ജം വൈദ്യുതിയാക്കി കായലിനെയും അന്തരീക്ഷത്തെയും മലിനമാക്കാതെ പ്രകൃതിയോട് ഇണങ്ങിയുള്ള വിജയയാത്ര. ഇന്ധനച്ചെലവില്ലാത്തതിനാല്‍ വര്‍ഷം 25 ലക്ഷം രൂപ ലാഭം.
ഡീസലിന്റെ മണമില്ല. വിഷപ്പുകയില്ല. ഓയിലും ഡീസലും ചോര്‍ന്ന് കായലിനെ മലിനമാക്കില്ല. എന്‍ജിന്റെ കടകടാ ശബ്ദമില്ല. യാത്രക്കാര്‍ക്കും സന്തോഷം.
ആസ്ട്രേലിയ, ഫ്രാന്‍സ്, ദുബായ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് വൈക്കത്ത് എത്തി ആദിത്യയെ കണ്ടറിഞ്ഞത്. ഈ രാജ്യങ്ങളിലെല്ലാം സോളാര്‍ ബോട്ടുകളുണ്ടെങ്കിലും ഇത്രയും വലിയ സോളാര്‍ യാത്രാ ബോട്ടില്ല.
ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവിടങ്ങളിലാണ് ആദിത്യയുടെ മാതൃകയിലുള്ള യാത്രാ ബോട്ട് വരുന്നത്. അതിന്റെ ടെന്‍ഡറിംഗുമായി.
മൂന്ന് വര്‍ഷം ലാഭിച്ചത് 1.25 ലക്ഷം ലിറ്റര്‍ ഡീസല്‍
വൈക്കം - തവണക്കടവ് മൂന്ന് കിലോമീറ്ററുണ്ട്. ദിവസവും 22 ട്രിപ്പ്. ഇതുവരെ 10 ലക്ഷത്തിലേറെ യാത്രക്കാരുമായി 70,000 കിലോമീറ്റര്‍ യാത്ര ചെയ്തു. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചപ്പോള്‍ 280 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡാണ് ഒഴിവായത്.
പ്രവര്‍ത്തനം
20 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള ബോട്ടിന്റെ മേല്‍ക്കൂരയില്‍ 20 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍
ഓരോ ഹള്ളിലും 20 കിലോ വാട്ട് പവര്‍ ഉള്ള മോട്ടോറുകള്‍
700 കിലോ ഭാരവും 50 കിലോ വാട്ട് ശേഷിയും ഉള്ള ലിഥിയം ബാറ്ററികളില്‍ സോളാര്‍ വൈദ്യുതി ശേഖരിക്കുന്നു
ബാറ്ററികളില്‍ നിന്ന് വൈദ്യുതി സ്വീകരിച്ച് മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നു
ജെട്ടിയോട് അടുക്കുമ്ബോള്‍ വേഗത കുറയ്ക്കാനും നിറുത്താനും കൂടുതല്‍ ഊര്‍ജം വേണം.
ദിവസവും 5.5 മണിക്കൂര്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നു.
'' ഡീസല്‍ ബോട്ടുമായി താരതമ്യം ചെയ്യുമ്ബോള്‍ ആദിത്യയുടെ അധിക ചെലവ് ഈ വര്‍ഷത്തോടെ അവസാനിച്ച് പ്രവര്‍ത്തനം ലാഭത്തിലായി. ഡീസല്‍, ഓയില്‍ ഉപയോഗം ഒഴിവാക്കിയതിലൂടെ പ്രതിവര്‍ഷം 25 ലക്ഷം രൂപയിലേറെയാണ് ലാഭം. ഡീസലിന്റെ മണവും അരോചകമായ ശബ്ദവുമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്കും ഏറെ ഇഷ്ടമാണ്''
-ഷാജി വി. നായര്‍, ഡയറക്ടര്‍, ജലഗതാഗത വകുപ്പ്