ആലപ്പാട്: ഒഴിഞ്ഞ ഇരുമ്പ് വീപ്പകള്‍ കടല്‍ത്തീരത്ത് അടിഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തരായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
ചെറിയഴീക്കല്‍ ക്ഷേത്രത്തിനു സമീപം മൈലാടുംകുന്നിനു മധ്യഭാഗത്തെ കടല്‍ഭിത്തിയിലാണു ഇന്നലെ രാവിലെ 6ന് രണ്ട് വീപ്പകള്‍ അടിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം കരുനാഗപ്പള്ളി പൊലീസും പിന്നീട് തീരദേശ പൊലീസും സ്ഥലത്തെത്തി വീപ്പകള്‍ കരയിലേക്കു മാറ്റി. രണ്ടു വീപ്പകളും ഒഴിഞ്ഞതായിരുന്നു. കഴിഞ്ഞ വര്‍ഷം കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ടെയ്‌നറുകളില്‍ നിന്നുള്ള വീപ്പകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂടുതലായി ഒഴുകി എത്തിയത് ആലപ്പാട് തീരത്തായിരുന്നു. കഴിഞ്ഞ ദിവസവും മത്സ്യബന്ധന വലയില്‍ കണ്ടെയ്‌നറിന്റെ ലോഹ അവശിഷ്ടങ്ങള്‍ കുരുങ്ങിയിരുന്നു. ഇന്നലെ ഇരുമ്പ് വീപ്പകള്‍ കണ്ടതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആശങ്കയിലായി.

