മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 66-ല്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു കയറിയായിരുന്നു അപകടം.
തൃശ്ശൂര്‍ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കുടുംബം കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി 11.40 ഓടെയായിരുന്നു സംഭവം.
ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. തുടര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയായിരുന്നു.

