റാന്നി: മാര്‍ച്ച് ഒന്നിന് പത്തനംതിട്ടയിലേക്ക് ഇറ്റലിയില്‍ നിന്നും വന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ അതീവ ജാഗ്രത. രോഗബാധിതര്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും വരെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്ന് കണ്ടെത്താന്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ട മൂവായിരം പേരെങ്കിലും പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാട്ടിലെത്തിയത് എന്നതിനാല്‍ തന്നെ ആറ് ദിവസത്തിനിടെ കൊല്ലം പുനലൂര്‍, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകള്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചിരുന്നു.
രോഗബാധിതരായ അഞ്ച് പേരും ഇവരോട് അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ ചിലരും കൂടി 200 വീടുകളെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞു. ഇതിനിടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പത്തനംതിട്ട കളക്‌ട്രേറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. റാന്നിയില്‍ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലിയും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. രോഗബാധിതരുടെ 90 വയസ്സിന് മേലെ പ്രായമുള്ള മാതാപിതാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ദുബായില്‍ നിന്നും ന്യൂമോണിയ ലക്ഷണങ്ങളുമായി എത്തിയ രണ്ട് പേരും കൂടി ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന 56, 53 വയസുള്ള ദമ്ബതിമാര്‍ ഇവരുടെ 22 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോേെലഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കോട്ടയത്തും പത്തനംതിട്ടയിലുമായി രോഗബാധിതര്‍ സന്ദര്‍ശനം നടത്തിയ ചില വീടുകളും ഇവരെ കണ്ട ചില ബന്ധുക്കളേയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഇവരോട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടും.

