ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കോണ്‍ഗ്രസ് നേതാക്കളെ കാണാതെ മടങ്ങി. രാവിലെ തമിഴ്നാട് ഭവനില്‍നിന്നും വിജയ് നേരെ വിമാനത്താവളത്തിലേക്കാണ് പോയത്.
വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം.
സോണിയയുടെ വസതിക്ക് മുന്നില്‍ വിജയിയും രാഹുലും കൈകോർത്ത് നില്‍ക്കുന്ന നിരവധി ഫ്ലക്സുകള്‍ കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാല്‍ ആരെയും കാണാതെ വിജയ് മടങ്ങി. നേരത്തെ കേരളത്തിലെ യുഡിഎഫിന്റെ സത്യപ്രതിജ്ഞയ്ക്കും വിജയ് എത്തിയിരുന്നില്ല.
അതേസമയം, രാഹുലുമായി കൂടികാഴ്ച നിശ്ചിയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടിയിരുന്നു.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി ദേശീയ തലത്തില്‍ അറിയപ്പെടാനും, സ്റ്റാലിനെപോലെ കേന്ദ്രവുമായി നേരിട്ട് ഉടക്കി വികസന പദ്ധതികള്‍ക്ക് ഫണ്ട് നഷ്ടപ്പെടുത്താനും വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്.

