ഭോപ്പാല്‍: രാജ്യത്തെ പ്രമുഖ ഐഎഎസ് കോച്ചിംഗ് സെന്ററായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെ തോക്കിൻമുനയില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു.
ഭോപ്പാലിലെ അക്കാദമി ഫ്രാഞ്ചൈസി നടത്തിപ്പുകാരനായ പ്രിയങ്ക് ശർമ്മയുടെ നേതൃത്വത്തിലാണ് സിനിമാ സ്റ്റൈല്‍ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന വ്യാജേന ഭോപ്പാലിലെത്തിച്ചാണ് ഡയറക്ടറെയും സംഘത്തെയും പ്രതികള്‍ ബന്ധിയാക്കിയത്.
പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ചർച്ചയ്ക്കായി വാടക ഫ്ലാറ്റിലെത്തിച്ച ശുഭ്രയെ ആയുധധാരികളായ അക്രമിസംഘം തടഞ്ഞുവെക്കുകയായിരുന്നു. നാല് മണിക്കൂറോളം നീണ്ട തടങ്കലിനിടെ ശുഭ്രയുടെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാൻ പ്രതികള്‍ ഫ്ലാറ്റില്‍ ഉച്ചത്തില്‍ ഭക്തിഗാനങ്ങള്‍ വെച്ചു. തുടർന്ന് തോക്കിൻമുനയില്‍ നിർത്തി 1.89 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ അപായപ്പെടുത്തുമെന്ന് വ്യാജ വീഡിയോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
സംഭവത്തിന് പിന്നാലെ ഡല്‍ഹി സ്വദേശിയായ സന്തോഷ് കുമാർ നല്‍കിയ പരാതിയില്‍ ഭോപ്പാല്‍ ക്രൈംബ്രാഞ്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ സൂത്രധാരൻ പ്രിയങ്ക് ശർമ്മയുള്‍പ്പെടെ ആറ് പേർ പിടിയിലായി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ എയിംസ് ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായി അസുഖം അഭിനയിച്ച പ്രിയങ്കിനെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് തോക്കും വാഹനങ്ങളും പിടിച്ചെടുത്തു. കൃത്യസമയത്ത് ഇടപെട്ട പൊലീസ്, പണം കൈമാറിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഐഎഎസ് അക്കാദമി ഡയറക്ടറെ തോക്കിൻമുനയില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു appeared first on Evening Kerala News.

