ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകസ്ഥാനത്തുനിന്ന് റിഷഭ് പന്ത് ഒഴിഞ്ഞു. 14 മത്സരങ്ങളില്‍ നാലു ജയം മാത്രം നേടി ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് പന്തിന്റെ രാജി.
നായകസ്ഥാനമൊഴിയാനുള്ള താരത്തിന്റെ അഭ്യർത്ഥന ടീം മാനേജ്മെന്റ് ഔദ്യോഗികമായി അംഗീകരിച്ചു.
ലക്നൗ ടീം ഡയറക്ടർ ടോം മൂഡിയാണ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പന്തിന്റെ തീരുമാനത്തെ മാനേജ്മെന്റ് ബഹുമാനത്തോടെ കാണുന്നുവെന്നും ടീമിനെ പുനർനിർമ്മിക്കാനാണ് ഇനി മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2025-ലെ മെഗാ ലേലത്തില്‍ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. എന്നാല്‍ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അദ്ദേഹത്തിനായില്ല. ലക്നൗവിനായി രണ്ട് സീസണുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ പന്തിന് കഴിഞ്ഞിരുന്നില്ല.
ധോണിക്കും കോഹ്‌ലിക്കും തൊട്ടുപിന്നാലെ; ജേഴ്‌സി വിപണി കീഴടക്കി വൈഭവ് തരംഗം!
പന്ത് സ്ഥാനമൊഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് ലക്നൗ. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം, ഓസ്ട്രേലിയൻ നായകൻ മിച്ചല്‍ മാർഷ്, നിക്കോളാസ് പുരാൻ എന്നിവരാണ് പകരക്കാരായി പരിഗണിക്കപ്പെടുന്നത്. വരും ദിവസങ്ങളില്‍ അടുത്ത സീസണിലെ താരത്തിന്റെ ലഭ്യതയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരും.

