ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നത് ഭാവിയില്‍ ആഗോള ജ്യോതിശാസ്ത്ര ഗവേഷണങ്ങള്‍ക്ക് കനത്ത ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
യൂറോപ്യൻ സതേണ്‍ ഒബ്സർവേറ്ററി ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിന് നേതൃത്വം നല്‍കിയ ഇഎസ്‌ഒയിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഒലിവിയർ ഹൈനോയും സംഘവും കമ്പ്യൂട്ടർ മാതൃകകള്‍ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളുടെ ആഘാതം വിലയിരുത്തിയത്. ഉപഗ്രഹങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഉപഗ്രഹങ്ങള്‍ സൂര്യപ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നതിലൂടെ രാത്രിയാകാശത്തിന്റെ സ്വാഭാവിക ഇരുട്ട് നഷ്ടപ്പെടുകയും വലിയ തോതില്‍ പ്രകാശ മലിനീകരണം ഉണ്ടാവുകയും ചെയ്യുന്നു. അത്യാധുനിക ദൂരദർശിനികള്‍ ഉപയോഗിച്ച് ബഹിരാകാശ ചിത്രങ്ങള്‍ പകർത്തുമ്പോള്‍, ഈ ഉപഗ്രഹങ്ങള്‍ അതിലൂടെ കടന്നുപോവുകയും ചിത്രങ്ങളില്‍ നീളത്തിലുള്ള പ്രകാശരേഖകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ഇത് ശാസ്ത്രീയ നിരീക്ഷണങ്ങളുടെ ഗുണനിലവാരം തകർക്കും. പ്രകാശ മലിനീകരണം വെറും 10 ശതമാനത്തില്‍ കൂടുതല്‍ വർദ്ധിച്ചാല്‍ പോലും അത് ജ്യോതിശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഗുരുതരമായ തിരിച്ചടിയാകും. ഉപഗ്രഹങ്ങളുടെ തിളക്കം കൂടുന്നത് ഗവേഷണങ്ങള്‍ക്കായുള്ള എക്‌സ്‌പോഷർ സമയം കൂട്ടുകയും അതുവഴി ശാസ്ത്ര പരീക്ഷണങ്ങളുടെ ചിലവ് ഗണ്യമായി ഉയർത്തുകയും ചെയ്യും.
അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ലക്റ്റ് ഓർബിറ്റല്‍ മുന്നോട്ടുവെച്ചിട്ടുള്ള പുത്തൻ പദ്ധതിയാണ് ഗവേഷകരെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്. രാത്രി സമയങ്ങളില്‍ ഭൂമിയിലെ സൗരോർജ്ജ നിലയങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം എത്തിക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങള്‍ പ്രകാശിപ്പിക്കുന്നതിനുമായി 50,000 പ്രതിഫലന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം ഭീമൻ കണ്ണാടി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിയാല്‍ രാത്രിയില്‍ അവ പൂർണ്ണചന്ദ്രനേക്കാള്‍ തിളക്കമുള്ളതായി ദൃശ്യമാകും. ഇത് രാത്രിയെ പകലാക്കി മാറ്റുകയും പ്രപഞ്ച നിരീക്ഷണം അസാധ്യമാക്കുകയും ചെയ്യും. ഇതിന് പുറമെ ബഹിരാകാശത്ത് വലിയ തോതില്‍ ഡാറ്റാ സെന്റർ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
വിവിധ ആഗോള കമ്പനികളുടെ ഉപഗ്രഹ പദ്ധതികളുടെ ആകെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി എപ്പോഴും പരിമിതപ്പെടുത്തണമെന്നാണ് ഗവേഷകരുടെ പ്രധാന നിർദ്ദേശം. ഉപഗ്രഹങ്ങളുടെ എണ്ണം ഇതിലും കൂടിയാല്‍ ഭാവിയില്‍ പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ ഇരുട്ടിലാകും. ഇതിനകം തന്നെ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്ര സംഘടനകള്‍ ഇത്തരം അനിയന്ത്രിത വിക്ഷേപണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നിയന്ത്രണ ഏജൻസികളില്‍ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

