Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒടുവില്‍ ആ 'രഹസ്യം' പുറത്താകുന്നു; 1931-ന് ശേഷം ഇന്ത്യയില്‍ അത് സംഭവിക്കുമ്പോള്‍!

ഒടുവില്‍ ആ 'രഹസ്യം' പുറത്താകുന്നു; 1931-ന് ശേഷം ഇന്ത്യയില്‍ അത് സംഭവിക്കുമ്പോള്‍!

Express Kerala 3 weeks ago

മാധാനകാലത്ത് ഒരു രാജ്യം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ ഭരണനിർവഹണ പ്രക്രിയയ്ക്ക് ഇന്ത്യയില്‍ ഔദ്യോഗിക തുടക്കമായി.

കോവിഡ്-19 മഹാമാരിയെത്തുടർന്ന് അനിശ്ചിതമായി നീണ്ടുപോയ രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പിനാണ് (സെൻസസ് 2027) കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി തുടക്കം കുറിച്ചിരിക്കുന്നത്. 2025 ജൂണില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തോടെ ആരംഭിച്ച ഈ പ്രക്രിയ പൂർത്തിയാക്കാൻ ചുരുങ്ങിയത് 3 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 2027 മാർച്ച്‌ ഒന്നിലെ ജനസംഖ്യാ കണക്കാവും ഈ ദൗത്യത്തിലൂടെ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ജനസംഖ്യാ കണക്കെടുപ്പിനെ സൂചിപ്പിക്കാൻ മലയാളത്തില്‍ പരക്കെ ഉപയോഗിക്കുന്ന 'കാനേഷുമാരി' എന്ന വാക്കിന്റെ ചരിത്ര പശ്ചാത്തലം ഏറെ രസകരമാണ്. വിലയിരുത്തുക, കണക്കാക്കുക എന്നൊക്കെ അർത്ഥമുള്ള 'സെൻസെറെ' എന്ന ലാറ്റിൻ പദത്തില്‍ നിന്നാണ് സെൻസസ് എന്ന വാക്കുണ്ടായത്. എന്നാല്‍ കാനേഷുമാരി രൂപപ്പെട്ടത് പേർഷ്യൻ ഭാഷയില്‍ നിന്നാണ്. വീട് എന്നർത്ഥം വരുന്ന ‘ഖനെ’, എണ്ണം എന്നർത്ഥം വരുന്ന ‘ഷോമാരെ’ എന്നീ പദങ്ങള്‍ ചേർന്നാണ് ഈ വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു. കേവലമൊരു തലതൊട്ടെണ്ണലിനപ്പുറം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക അവസ്ഥയുടെ നേർച്ചിത്രമാണ് സെൻസസ് നല്‍കുന്നത്.

ഐക്യരാഷ്ട്ര സംഘടന ജനസംഖ്യാ നിധിയുടെ വിലയിരുത്തല്‍ പ്രകാരം ഒരു ജനാധിപത്യ രാജ്യത്തിന് സമാധാനകാലത്ത് നിർവഹിക്കാനുള്ള ഏറ്റവും സങ്കീർണ്ണമായ ദൗത്യമാണിത്. രാജ്യത്തിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും മുൻകാല പദ്ധതികളുടെ വിജയം വിലയിരുത്തുന്നതിനും സെൻസസ് വിവരങ്ങള്‍ അനിവാര്യമാണ്. ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ മണ്ഡല/വാർഡ് വിഭജനങ്ങള്‍ നിശ്ചയിക്കുന്നതും ഈ ജനസംഖ്യാ ആനുപാതിക കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്. സെൻസസിന് രാജ്യാന്തര തലത്തില്‍ ഏകീകൃത സ്വഭാവം നല്‍കാൻ 1958-ല്‍ യുഎൻ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷൻ ചില പൊതുതത്വങ്ങളും ശുപാർശകളും മുന്നോട്ടുവെച്ചിരുന്നു.

നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കുമോ? കേന്ദ്രത്തില്‍ സമ്മർദ്ദം ശക്തമാക്കി ജെഡിയു!

ബ്രിട്ടിഷ് ഭരണകാലത്ത് 1872-ലാണ് ഇന്ത്യയില്‍ ആദ്യമായി ശാസ്ത്രീയമായ രീതിയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. എന്നാല്‍, റിപ്പണ്‍ പ്രഭു വൈസ്രോയി ആയിരുന്ന കാലത്ത് 1881-ലാണ് ഇന്ത്യയൊട്ടാകെ ഒരേസമയം ആദ്യമായി ഔദ്യോഗിക സെൻസസ് സംഘടിപ്പിച്ചത്. കശ്മീരും ഫ്രഞ്ച്-പോർച്ചുഗീസ് കോളനികളും ഒഴികെയുള്ള പ്രദേശങ്ങളില്‍ 12 ചോദ്യങ്ങളടങ്ങിയ ഷെഡ്യൂള്‍ ഉപയോഗിച്ച്‌ നടത്തിയ അന്ന് രാജ്യത്തെ ജനസംഖ്യ 25,38,91,821 ആയിരുന്നു. അന്നുതൊട്ട് കൃത്യമായ പത്തു വർഷത്തെ ഇടവേളകളിലാണ് ഇന്ത്യയില്‍ സെൻസസ് നടന്നുപോന്നത്.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ സെൻസസ് ആരംഭിക്കുന്നത് 1951 ഫെബ്രുവരി 9-നാണ്. അന്ന് 36 കോടിയിലധികം ആയിരുന്ന ഇന്ത്യൻ ജനസംഖ്യ, ഏറ്റവുമൊടുവില്‍ പൂർത്തിയായ 2011-ലെ സെൻസസ് പ്രകാരം 121 കോടി പിന്നിട്ടിരുന്നു. ഇതില്‍ 58 കോടിയോളം സ്ത്രീകളും 62 കോടിയോളം പുരുഷന്മാരുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ 16-ാമത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ 8-ാമത്തെയും ഈ പുതിയ കണക്കെടുപ്പ് നടക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാല്‍, ഐക്യകേരള രൂപീകരണത്തിന് മുൻപ് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം വെവ്വേറെ വർഷങ്ങളില്‍ സെൻസസ് നടന്നിട്ടുണ്ടായിരുന്നു. തിരുവിതാംകൂറില്‍ 1836ലും 1854ലും കൊച്ചിയില്‍ 1820 മുതല്‍ പലതവണയും കണക്കെടുപ്പുകള്‍ നടന്നു. എന്നാല്‍ അഖിലേന്ത്യാ സെൻസസിനൊപ്പം കേരള പരിധിയില്‍ വരുന്ന പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൃത്യമായ കണക്കെടുപ്പ് തുടങ്ങിയത് 1881 മുതലാണ്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ ഔദ്യോഗിക സെൻസസ് 1961-ലായിരുന്നു നടന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്! പരിശോധന കർശനമാക്കി പോലീസ്; പണവും സ്വർണവും പിടിച്ചെടുത്തു

ഇന്ത്യൻ സെൻസസ് പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഓഫിസ് ഓഫ് ദ് റജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യ ആൻഡ് സെൻസസ് കമ്മിഷണർ’ എന്ന പദവിക്കാണ്. 1881-ല്‍ ഈ ദൗത്യം നിർവ്വഹിച്ച ഡബ്ല്യു.ഡബ്ല്യു. പ്ലൗഡൻ ആയിരുന്നു രാജ്യത്തെ ആദ്യ സെൻസസ് കമ്മിഷണർ. 1948-ലെ സെൻസസ് ആക്‌ട് നിലവില്‍ വന്നതോടെയാണ് ഇതൊരു സ്ഥിരം പദവിയാകുന്നത്. തുടർന്ന് 1949-ല്‍ എം.ഡബ്ല്യു.എം. യീറ്റ്സ് ആദ്യ കമ്മിഷണറായി നിയമിതനായി. ആർ.എ. ഗോപാലസ്വാമിയാണ് ഈ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ. നിലവില്‍ മൃത്യുഞ്ജയ് കുമാർ നാരായണ്‍ ആണ് ഈ പദവി അലങ്കരിക്കുന്നത്.

ഇത്തവണത്തെ സെൻസസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ‘ജാതി സെൻസസ്’ ഇതിനോടൊപ്പം നടക്കുന്നു എന്നുള്ളതാണ്. ബ്രിട്ടിഷ് ഭരണകാലത്ത് 1931-ലാണ് രാജ്യത്ത് അവസാനമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടന്നത്. പിന്നീട് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിക്കാൻ നിയോഗിച്ച കാക്ക കലേർക്കർ കമ്മിഷൻ അടക്കം ജാതി സെൻസസ് വേണമെന്ന് ശുപാർശ ചെയ്തിരുന്നു. സമീപകാലത്ത് ബിഹാർ, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രാദേശികമായി ജാതി സർവേകളുമായി മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇപ്പോള്‍ ദേശീയതലത്തില്‍ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി പൂർണ്ണമായും ‘കടലാസ് രഹിത’ ഡിജിറ്റല്‍ സംവിധാനത്തിലാണ് ഈ 16-ാം സെൻസസ് അരങ്ങേറുന്നത്. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ ദൗത്യത്തില്‍ എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നത് സ്മാർട്ഫോണുകളും ടാബ്‌ലെറ്റുകളുമായാണ്. വിവരശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും, ഏകോപനത്തിനായി ‘സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ കൈമാറ്റം വഴി വിവരങ്ങള്‍ വേഗത്തില്‍ സെൻട്രല്‍ സെർവറിലേക്ക് എത്തുന്നതിനാല്‍ മുൻവർഷങ്ങളിലേതുപോലെ ഫലപ്രഖ്യാപനത്തിനായി വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ എൻക്രിപ്റ്റഡ് ഫോർമാറ്റില്‍ പൂർണ്ണ സുരക്ഷിതമായിരിക്കുമെന്നും അധികൃതർ ഉറപ്പുനല്‍കുന്നു.

NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala