ഡോക്ടറെ അകറ്റി നിർത്താൻ ആപ്പിളിന് കഴിയുമെന്ന് നമ്മള്‍ പണ്ട് മുതല്‍ക്കേ പറയുന്ന കാര്യമാണ്. ആപ്പിളിനേക്കാള്‍ ഗുണം ചെയ്യുന്ന മറ്റൊരു ഫലമുണ്ട്.
ആപ്പിളിന് പകരം അവോക്കാഡോ ആയാലോ? ദിവസവും ഭക്ഷണത്തില്‍ ഒരു അവോക്കാഡോ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ നിരവധി മാറ്റങ്ങളുണ്ടാക്കും.
ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഒരു അവോക്കാഡോ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് ലോഡ് ഏകദേശം 14 പോയിന്റോളം കുറയ്ക്കാൻ സഹായിക്കും. 961 പേരില്‍ നടത്തിയ ഈ പഠനത്തില്‍, അവോക്കാഡോ സ്ഥിരമായി കഴിച്ചവരില്‍ ഡയറ്ററി ഗ്ലൂക്കോസ് ലോഡില്‍ 13.7 പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അവോക്കാഡോയുടെ ഏറ്റവും വലിയ പ്രത്യേകത അതില്‍ കാർബോഹൈഡ്രേറ്റ് വളരെ കുറവാണെന്നതും, ശരീരത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതുമാണ്. ഈ കോമ്പിനേഷൻ ദഹനപ്രക്രിയയെ പതുക്കെയാക്കുകയും വയറു നിറഞ്ഞ അനുഭവം നല്‍കുകയും ചെയ്യുന്നു. ഇത് ഭക്ഷണം കഴിച്ച ഉടൻ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും.
; ചെങ്കണ്ണ് തടയാം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളോ ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പോ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പകരമായി അവോക്കാഡോ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയില്‍ നിയന്ത്രിക്കാൻ സഹായിക്കും. അവോക്കാഡോയിലെ നാരുകള്‍ ഗ്ലൂക്കോസ് രക്തത്തിലേക്ക് കലരുന്നതിന്റെ വേഗത കുറയ്ക്കുന്നു. അതേസമയം ഇതിലെ നല്ല കൊഴുപ്പുകള്‍ ഊർജ നില സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
നല്ല കൊഴുപ്പും നാരുകളും അടങ്ങിയ ഭക്ഷണക്രമം ദീർഘകാലാടിസ്ഥാനത്തില്‍ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു പ്രത്യേക ഭക്ഷണം കൊണ്ട് മാത്രം സാധ്യമാകുന്നതല്ല, മറിച്ച് മൊത്തത്തിലുള്ള ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായാണ് സംഭവിക്കുന്നത്.
അവോക്കാഡോ ആരോഗ്യപ്രദമാണെങ്കിലും, ഇത്ര കൃത്യമായ അളവ് കഴിച്ചാല്‍ പ്രമേഹം പൂർണമായും നിയന്ത്രിക്കാമെന്ന് പറയാനാകില്ല. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുവർഗങ്ങള്‍, നട്സുകള്‍, സീഡ്സുകള്‍, ലീൻ പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ഒരു സമീകൃതാഹാരത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ.

