ഒമാൻ മലയാളിയായ എം വി നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ട്രേസിംഗ് ഷാഡോ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഒമാനിലെ സൂറില്‍ ലൂണർ സിനിമാസില്‍ നടന്നു.
നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. മികച്ച അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകർ പങ്കുവെച്ചത്. ചിത്രം കേരളത്തിലും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളെയും അവരുടെ പോരാട്ടങ്ങളെയും അതിജീവനത്തെയും പ്രമേയമാക്കുന്ന ചിത്രം പൂർണമായും ഒമാനിലാണ് ചിത്രീകരിച്ചത്. സത്യജിത്ത് റേ ഇന്റർനാഷണല്‍ അവാർഡ്, പുലരി ടി.വി ഇന്റർനാഷണല്‍ അവാർഡ് എന്നീ രണ്ട് പുരസ്കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മഞ്ജു നിഷാദ്, ഇന്ദു ബാബുരാജ്, സിറാജ് കാക്കൂർ, ജീവൻ ചാക്ക, അനിത രാജൻ, രഞ്ജിനി, സുസ്മിത പ്രശാന്ത്, സ്വപ്ന, ബിനു എണ്ണക്കാട്, മനോജ് ഗുരുവായൂർ, ബിനു കല്ലറ, സോമസുന്ദരം, സത്യനാഥ്, അനുരാജ് രാജൻ, സഫീർ, എന്നിവരെ കൂടാതെ ഒമാനിലെ നിരവധി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്,സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് എം. വി. നിഷാദ് ആണ്. സലിം മുത്തുവമ്മല്‍, മനോജ് അലി മുള്ളിത്തൊടി, അമീൻ, റജി ആൻഡ്രൂസ് എന്നിവർ സഹനിർമ്മാതാക്കള്‍. ക്യാമറ-മധു കാവില്‍, സംഗീതം – മഞ്ജു നിഷാദ്, സത്യൻ താടത്തില്‍, സുരേഷ്, രഘുപതി. ആലാപനം – പി. ജയചന്ദ്രൻ, ജീൻസ് ശ്രീനിവാസ്, സുദീപ് കുമാർ, ബിജു നാരായണൻ, മാളവിക അനില്‍കുമാർ, ദിവ്യ എസ്. നായർ.


