കൊടും ചൂടായാലും തണുപ്പായാലും എസിയില്‍ ഉറങ്ങുന്ന ശീലമുള്ളയാളുകളാണ് പലരും. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുൻപ് കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ടപ്പോള്‍ വീടുകളില്‍ എസിയുടെ ഉപഭോഗം കൂടുതലായിരുന്നു.
വ്യാപകമായി എസിയുടെ ഉപയോഗം വർധിച്ചിട്ടും എസിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എസി മുറികളില്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പലർക്കും അസുഖം പിടിപ്പെട്ടതായി അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണമെന്താണെന്ന് ഒരു തവണയെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ.
ശീതീകരിച്ച മുറിയില്‍ കിടന്നുറങ്ങുന്നത് പ്രതിരോധ ശേഷി കുറക്കുന്നു എന്ന നിഗമനത്തിലേക്ക് ഇത് നയിക്കുന്നു. എന്നാല്‍, അത് വെറുമൊരു മിഥ്യയാണെന്ന് പറയുകയാണ് ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. മനസ് മെംഗർ. എസി ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നല്ല ഉറക്കം, മുറിയിലെ സുഖകരമായ താപനില, ശരിയായ വായുസഞ്ചാരം എന്നിവ രോഗപ്രതിരോധ ശേഷിയെ സഹായിക്കുമെന്നും മനസ് മെംഗർ പറയുന്നു. എയർ കണ്ടീഷൻ ചെയ്ത മുറികളിലും മറ്റും ദീർഘനേരം ചെലവഴിച്ചതിന് ശേഷം തൊണ്ടവേദന, ചുമ, തുമ്മല്‍ എന്നിവ അനുഭവപ്പെടുന്നതായി പലരും പരാതി പറയാറുണ്ട്. അത് പ്രതിരോധ ശേഷി കുറയുന്നതല്ല, മറിച്ച് മുറിക്കുള്ളിലെ ഈർപ്പം കുറയുന്നതും മോശം എസി ശുചിത്വവുമാണെന്ന് ഡോ. മെംഗർ വ്യക്തമാക്കുന്നു.
സ്ഥിരവും വാങ്ങുന്നത് ശുദ്ധമായ പാലാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കബളിപ്പിക്കപ്പെടാതിരിക്കാം
ശിതീകരിച്ച സ്ഥലങ്ങളില്‍ ചെലവഴിക്കുമ്പോള്‍ അസുഖങ്ങള്‍ അനുഭവപ്പെടുന്നതിന്റെ മറ്റൊരു പ്രധാന കാരണം കൃത്യമായ ശുജീകരണ പ്രവർത്തനങ്ങള്‍ നടത്താത്തതാണ്. കൃത്യമായി വൃത്തിയാക്കാത്ത എസി ഫില്‍ട്ടറുകള്‍ മുറിക്കുള്ളിലെ വായുവിനെ മലിനമാക്കുന്നു. ഇവ അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങള്‍, പൂപ്പല്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍ മറ്റ് അലർജിക്ക് കാരണമാകുന്ന ഘടകങ്ങള്‍ എന്നിവ നിരന്തരം പടർത്താൻ കാരണമാകും. ഇത് ഗുരുതരമായ ശ്വാസകോശ അസുഖങ്ങള്‍ക്കും അലർജിക്കും വഴിതെളിച്ചേക്കാം.
പെട്ടെന്നുള്ള താപനില മാറ്റങ്ങളും ശരീരത്തെ ബാധിക്കും. കഠിനമായ ചൂടില്‍ നിന്ന് വളരെ തണുത്ത അന്തരീക്ഷത്തിലേക്ക് ഇടയ്ക്കിടെ സഞ്ചരിക്കുന്നത് ശ്വസനവ്യവസ്ഥയില്‍ സമ്മർദ്ദം ചെലുത്തുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാലും, താപനിലയിലെ മാറ്റം നേരിട്ട് അണുബാധകള്‍ക്ക് കാരണമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.എസി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഡോ. മെംഗർ പറയുന്നു. മിതമായ എസി ഉപയോഗമാണ് മികച്ചതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അനുയോജ്യവും സന്തുലിതവുമായ ഉപയോഗമാണ് ആരോഗ്യ സംരക്ഷണത്തിന് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.

