ഹോളിവുഡ് സിനിമകള്‍ ഇന്ത്യൻ ബോക്സോഫീസ് കീഴടക്കുന്നത് പുതിയ സംഭവമല്ല. നിരവധി ഹോളിവുഡ് സിനിമകള്‍ ഇന്ത്യയില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
അത്തരം സിനിമകളുടെ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവില്‍ സ്ഥാനം പിടിച്ച സിനിമകളാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഒഡീസി’യും മാർവെല്‍ ചിത്രം ‘സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’യും.
ഇന്ത്യയിലുടനീളം നിറഞ്ഞ തിയേറ്ററുകളില്‍ ഇരുസിനിമകളും പ്രദർശനം തുടരുകയാണ്. ഇതിനിടെ കളക്ഷനില്‍ ആരാണ് മുന്നിലെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്പൈഡർമാൻ തന്നെയാണ് മുന്നില്‍. പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ നോളൻ ചിത്രത്തിന്റെ കളക്ഷൻ മറികടക്കാൻ സ്‌പൈഡർമാനായി.
തോമസൂട്ടീ… വിട്ടോടാ… അവർ വീണ്ടും ഒന്നിക്കുന്നു; മലയാളിയെ ചിരിപ്പിക്കുമോ?
175 കോടിയാണ് 16 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ഒഡീസി നേടിയത്. എന്നാല്‍ സ്പൈഡർമാൻ വെറും മൂന്ന് ദിവസം കൊണ്ട് 215 കോടി ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടി. ആദ്യ ദിനം 73 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് കൂടിയാണിത്. ഓപ്പണിംഗ് കളക്ഷനെ രണ്ടാം ദിനം ചിത്രം മറികടന്നു. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് നിലവില്‍ വിറ്റുകൊണ്ടിരിക്കുന്നത്.
ഡെസ്റ്റിൻ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്ത സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ 2021ല്‍ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയാണ്. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേസമയം കണ്ടനുഭവിക്കേണ്ട ഇതിഹാസ സിനിമയാണ് ഒഡീസി എന്നാണ് പ്രേക്ഷകർ പറയുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും തേടി ഒഡീസിയൂസ് നടത്തുന്ന മഹായാത്രയെ കൗതുകമൊട്ടും ചോരാതെ തിരശീലയിലേക്ക് പകർത്താൻ നോളനായി.

