കൊല്ലത്ത് ലോട്ടറി വില്‍പനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് തക്കല സ്വദേശിയായ വിജി സുരേഷ് ആണ് തമിഴ്നാട്ടിലെ വാല്‍പാറയില്‍ വെച്ച് പിടിയിലായത്.
കേരള പോലീസിന്റെ ആവശ്യപ്രകാരം തമിഴ്നാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ അകലെ ആയിരുന്നു കൊലപാതകം നടന്നത്.
കഴിഞ്ഞ മാസം 25-നായിരുന്നു മുണ്ടയ്ക്കല്‍ സ്വദേശിയായ രാജേന്ദ്രൻ കൊല്ലപ്പെട്ടത്. രാത്രി സമയത്ത് കടയുടെ മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാജേന്ദ്രനെ കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാനായി പ്രതി മുഖത്ത് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മൃതദേഹം സമീപത്തെ പൈപ്പില്‍ കെട്ടിയിടുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൊലപാതകത്തിന് ശേഷം പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിലുള്ള വ്യക്തി തന്നെയാണ് ഇപ്പോള്‍ പിടിയിലായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലും സമാനമായ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. പ്രതിയുമായി പോലീസ് സംഘം ഇന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും നാളെ രാവിലെ വാർത്താ സമ്മേളനത്തിന് ശേഷം പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കും എന്നുമാണ് റിപ്പോർട്ട്.

