2023 ആഗസ്ത് മാസത്തിലാണ് നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആർഡിഎക്സ് എന്ന സിനിമ തിയേറ്ററുകളിലെത്തുന്നത്. ഷെയിൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സോഫീസില്‍ തരംഗമായി മാറി.
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ആർഡിഎക്സ് മലയാളത്തിലെ മികച്ച ആക്ഷൻ സിനിമയുടെ പട്ടികയിലിടം നേടി. ഷെയിൻ നിഗം, ആന്റണി പെപ്പെ എന്നിവരോടൊപ്പം ചിത്രത്തിലെ നീരജ് മാധവിന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ആർഡിഎക്സന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് നായകനായി ഒരു സിനിമ തിയേറ്ററിലെത്തുന്നത്. മലയാളത്തിലെ സയൻസ് ഫിക്ഷൻ ചിത്രമായി കഴിഞ്ഞദിവസമാണ് പ്ലൂട്ടോ തിയേറ്ററിലെത്തിയത്. മൂന്ന് വർഷത്തെ ഇടവേളയ്ക്കിടയില്‍ നീരജിന്റേതായി റാപ്പ് ഗാനങ്ങളും ഒരു വെബ്സീരിസും പുറത്തിറങ്ങിയതിനാല്‍ താരത്തിന്റെ വിടവ് ഒരു ചർച്ചാവിഷയമായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ വർഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അതിഥി താരമായും നീരജ് എത്തിയിരുന്നു. എന്നാല്‍ പ്ലൂട്ടോയിലെ നീരജിന്റെ പ്രകടനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.

ഹാസ്യത്തിന്റെ മേമ്പൊടിയില്‍ പാട്ടും ഡാൻസും ഫൈറ്റുമെല്ലാം ചേർന്ന ഒരു തികഞ്ഞ എന്റർടെയ്നറാണ് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത പ്ലൂട്ടോ. ഭൂമിയിലും മറ്റൊരു ഗ്രഹത്തിലും ജീവിക്കുന്ന രണ്ട് തോല്‍വികളായ യുവാക്കളുടെ സൗഹൃദം രസകരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അല്‍ത്താഫ് സലീം ആണ് ചിത്രത്തില്‍ ഏലിയനായി അഭിനയിച്ചിരിക്കുന്നത്. സിനിമയില്‍ അജു വർഗീസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർഷ ബൈജുവാണ് ചിത്രത്തിലെ നായിക.
– കറുത്തരാത്രികള്‍ മുതല്‍ പ്ലൂട്ടോ വരെ ; മലയാള സിനിമയുടെ സയൻസ് ഫിക്ഷൻ യാത്രകള്‍
ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന സിനിമയെന്ന നിലയില്‍ കുടുംബ പ്രേക്ഷകർ പ്ലൂട്ടോയെ ഏറ്റെടുത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ചിത്രത്തില്‍ നീരജ് നടത്തിയ പ്രകടനവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളില്‍ താരത്തിന്റെ കയ്യടക്കത്തോടെയുള്ള ആക്ഷൻ വലിയ കയ്യടി നേടുന്നു.
നിയാസ് മുഹമ്മദാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിംഗ് സനത് ശിവരാജുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

