തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖർ വോട്ട് ചെയ്തു.
രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർ.സി അമല ബേസിക് സ്കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു. വികസനതുടർച്ചയ്ക്ക് എല്‍ഡിഎഫ് തുടരണമെന്നും നാടിന്‍റെ പുരോഗതി പ്രതിബദ്ധതയോടെ ഉറപ്പുവരുത്താൻ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിക്ക് ഇടവേളയുണ്ടാകരുത്. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് കോഴിക്കോട് നോർത്തിലും, കെ എൻ ബാലഗോപാല്‍ കൊട്ടാരക്കരയിലും ആർ ബിന്ദു തൃശൂരിലും ശിവൻകുട്ടി നേമത്തും കെ ബി ഗണേഷ് കുമാർ പത്തനാപുരത്തും വോട്ട് ചെയ്തു.
നടൻ മോഹൻലാല്‍ തിരുവനന്തപുരം മുടവൻമുകള്‍ ഗവ. എല്‍പി സ്കൂളിലെത്തി വോട്ട് ചെയ്തു. ഈ സമയം എല്‍ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയും ബൂത്തിലുണ്ടായിരുന്നു. ഏറെ നേരം ക്യൂവില്‍നിന്നാണ് മോഹൻലാല്‍ വോട്ട് ചെയ്തത്.
പ്രമുഖ എല്‍ഡിഎഫ് കക്ഷിനേതാക്കളും സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് ചെയ്തു. മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നീണ്ട നിരയുണ്ടായിരുന്നു.
യു.ഡി.എഫിലെ രമേശ് ചെന്നിത്തല, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. വോട്ട് ചെയ്തശേഷം മാധ്യമങ്ങളെ കണ്ട വി ഡി സതീശൻ, മാധ്യമങ്ങള്‍ നടത്തിയ പ്രീ പോള്‍ സർവേകളെ തള്ളിക്കളഞ്ഞു. മാധ്യമങ്ങള്‍ നടത്തിയത് തട്ടിക്കൂട്ട് സർവേകളാണെന്നാണ് സതീശൻ പറഞ്ഞത്. ഒട്ടുമിക്ക പ്രീ പോള്‍ സർവേകളും എല്‍ഡിഎഫിന് മുൻതൂക്കം പ്രവചിച്ചതാണ് സതീശനെ പ്രകോപിപ്പിച്ചത്.
നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതില്‍ ഒരു തർക്കത്തിലും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കുകയാണ്. നേമം മണ്ഡലത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്. തുക കേട്ടാല്‍ അന്തം വിട്ടു പോകും. ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തില്‍ ഉണ്ടല്ലോ. അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. ബിജെപി കിറ്റ് കൊടുക്കുന്നു മദ്യം കൊടുക്കുന്നു പണം കൊടുക്കുന്നു ജോലി വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തില്‍ ഇത്രയും നാണംകെട്ട ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോണ്‍ഗ്രസും ഒട്ടും മോശമല്ല. തെലങ്കാന മുഖ്യമന്ത്രി വന്ന് പറഞ്ഞ കാര്യങ്ങള്‍ അറിയാമല്ലോയ ഇത്രയും സംസ്കാര ശൂന്യമായ പ്രസ്താവന നടത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശബരിമല സ്വർണ്ണ മോഷണത്തില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ട് എന്നല്ലല്ലോ താൻ പറഞ്ഞത്. സോണിയ ഗാന്ധിയെ പ്രതികള്‍ സന്ദർശിച്ചത് സംശയാസ്പദം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

