യു എ ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ സർവീസുകള്‍ക്ക് തുടക്കമാകുന്നു. ജൂണ്‍ 30 നു ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കും.
യു എ ഇ യുടെ ഗതാഗത ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി ഇത്തിഹാദ് റെയില്‍ പാസഞ്ചർ സർവീസുകള്‍ ജൂണ്‍ 30 മുതല്‍ സർവീസുകള്‍ ആരംഭിക്കും. ആദ്യഘട്ടമായി അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സർവീസ് ആരംഭിക്കുന്നത്.
സെപ്റ്റംബർ 30-ഓടെ പൊതുജനങ്ങള്‍ക്കായി പാസഞ്ചർ സർവീസുകള്‍ പൂർണ്ണതോതില്‍ തുറന്നുകൊടുക്കും. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനാണ് ഈഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 1 മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക. സെപ്റ്റംബർ 30ഓടെ ദുബായ്, അല്‍ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
തൃക്കാക്കരയിലെ 12 വയസുകാരിയുടെ മരണം, അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി
പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30 നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകളോടെ സ്മാർട് യാത്രാ സംവിധാനമാണ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. കഫേകള്‍, റസ്റ്ററൻറുകള്‍, രാജ്യാന്തര ബ്രാൻഡുകളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയും ട്രെയിനിനകത്ത് തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. യു എ ഇ യിലെ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുസ്ഥിരമായ ട്രെയിൻ ഗതാഗത ശൃംഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസത്തിനും നിക്ഷേപ സാധ്യതകള്‍ക്കും പുതിയ അവസരങ്ങളാണ് നല്‍കുക.

