Thursday, 29 Oct, 9.18 pm കാസര്‍കോട് വാര്‍ത്ത

കാസര്‍കോട്
കണ്ണുള്ള അധികാരികള്‍ കാണണം കണ്ണില്ലാത്ത ബീനയുടെ ദുഃഖം

സുധീഷ് പുങ്ങംചാല്‍


വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.10.2020) ജന്മനാ വലത് കണ്ണ് ഇല്ലാതിരുന്ന ബീനയുടെ ഇടതു കണ്ണിന്റെ കാഴ്ചയും ഇപ്പോള്‍ മങ്ങുന്നു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ കൊടിയന്‍ കുണ്ട് കോളനിയിലെ പരേതനായ താഴത്തു വീട്ടില്‍ നാരായണന്റെയും നാരായണിയുടെയും ഏക മകള്‍ ബീന ടിയുവതിയാണ് ഒരു കണ്ണില്‍ നിന്നും ലഭിക്കുന്ന പാതികാഴ്ചയില്‍ കഴിയുന്നത്.

അംഗ വൈകല്യത്തിന്റെ നേര്‍ മുഖം അധികൃതര്‍ക്ക് മുന്നില്‍ പറയാതെ തന്നെ ബീനയുടെ മുഖത്തു നിന്നും കാണുവാന്‍ പറ്റുമെങ്കിലും എല്ലാ ആനുകൂല്യങ്ങളും ഈ നിര്‍ധന ദളിത് യുവതിക്ക് നിഷേധിക്കപ്പെടുകയാണ്. ബീനയുടെ ഇടത് കണ്ണിനു 40 ശതമാനം കാഴ്ച ഉണ്ടെന്നും അതിനാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലെന്നുമാണ് കണ്ണും കാഴ്ചയും ഉള്ള അധികാരികളുടെ വാദം. ഇടത് കണ്ണില്‍ നിന്നും ലഭിക്കുന്ന പാതി കാഴ്ചയും കൊണ്ട് സര്‍ക്കാര്‍ അനുകൂല്യത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയ ബീനക്ക് ഒരിടത്തു നിന്നും നീതി ലഭിച്ചില്ല. ബീന ജനിക്കുന്നതിന് ഒരുമാസം മുന്‍പ് അച്ഛന്‍ നാരായണന്‍ മരിച്ചു. നാരാണന്‍ മരിച്ച വേദന മാറും മുന്‍പ് നാരായണിക്ക് പിറന്ന തന്റെ ഓമന മോള്‍ക്ക്‌ ഒരു കണ്ണുമില്ലെന്നത് സങ്കടം ഇരട്ടിപ്പിച്ചിരുന്നു.

മകളുടെ വൈകല്യം പരിഹരിക്കാന്‍ ഈ നിര്‍ധന മാതാവിന് കഴിഞ്ഞില്ലെങ്കിലും മകള്‍ ബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ മാലോത്തു കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നിന്നും 2013-ല്‍ എസ് എസ് എല്‍ സി പരീഷയില്‍ നേടിയത് മിന്നുന്ന വിജയമായിരുന്നു. പിന്നീട് ഇവിടെ നിന്നും പ്ലസ്‌ടുവും കഴിഞ്ഞു. തുടര്‍ പഠനത്തിനായി ആനുകൂല്യങ്ങള്‍ തേടിയിറങ്ങിയ ബീനയെ സഹായിക്കാന്‍ ആരുമുണ്ടായില്ല.

പ്ലസ്‌ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് ബീന കണ്ണിന്റെ വൈകല്യം പുറത്ത് കാണിക്കാതിരിക്കാന്‍ കണ്ണട വെച്ചത് തന്നെ. അതും നിലവാരം കുറഞ്ഞത്. ബീനയുടെ വലത് കണ്ണ് ഇപ്പോള്‍ പൂര്‍ണ്ണമായും കുഴിയില്‍ ഒട്ടി ചേര്‍ന്ന നിലയിലാണ്. ഇടത് കണ്ണിന്റെ കാഴ്ച്ചയും ഇപ്പോള്‍ പകുതിയിലധികം മങ്ങിയതായി ബീന പറയുന്നു.

കണ്ണിനു ചികിത്സ കിട്ടിയില്ലെങ്കിലും ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലിയാണ് ബീന തേടുന്നത്. അമ്മ നാരായണിക്ക് പ്രായമായി. അമ്മയ്ക്ക് ഇനി ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ പിന്നെ ബീനയുടെ ജീവിതം കഷ്ടത്തിലുമാകും. അമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് ഭൂമിയില്‍ പഞ്ചായത്തില്‍ നിന്നും ഇവര്‍ക്ക് വീട് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.

കാരണം പഞ്ചായത്തില്‍ നിന്നും കിട്ടിയ തുച്ഛമായ തുക കൊണ്ട് വീട് നിര്‍മ്മിച്ചുവെങ്കിലും കയറി കിടക്കാന്‍ പറ്റുന്ന സ്ഥിതിയായിട്ടില്ല. വീട് വെക്കുന്ന സ്ഥലത്തേക്ക് കല്ലും മണലും സിമന്റും ഒക്കെ കടത്തുവാനും നല്ലൊരു തുക വേണ്ടി വന്നു. ഇപ്പോള്‍ 23 വയസ്സ് പ്രായമായ ബീനക്ക് കണ്ണ് ഇല്ലാത്തതിനാല്‍ വിവാഹ ആലോചനകളും നടന്നില്ല.

ഒരു കണ്ണിന്റെ പാതി കാഴ്ചയില്‍ കൊടിയന്‍ കുണ്ടില്‍ ജീവിക്കുന്ന ബീന നന്മയുള്ള ലോകം എന്നെങ്കിലും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ്; തന്നെ സഹായിക്കാന്‍ ആര്‍കെങ്കിലും അലിവുണ്ടാകുമെന്നും. .

: Vellarikundu, news, Kerala, Kasaragod, Needs help, Leader, Helping Hand, authorities must see the grief of the eyeless Bini, 00949544814300
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top