ഉദുമ: (www.kasargodvartha.com 28.10.2021) കാര്‍ഷികാഭിവൃദ്ധിയും കന്നുകാലി സമ്ബത്ത് വര്‍ധനയും പ്രാര്‍ഥനയില്‍പെടുത്തി പത്താമുദയനാളില്‍ നാടെങ്ങും കാലിച്ചാനൂട്ട്.
ഇപ്പോള്‍ വിളവെടുത്ത ഉണക്കലരി, പാല്‍ എന്നിവയാണ് നിവേദ്യം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. പരിസരങ്ങളിലെ വീടുകളില്‍നിന്ന് നിവേദ്യത്തിനുള്ള പുത്തന്‍ ഉണക്കലരി ശേഖരിക്കും. കര്‍മം നടത്താന്‍ ചുമതലയുള്ള തറവാട്ടില്‍പ്പെട്ടവര്‍ നേരത്തേയെത്തി കാവും പരിസരവും ശുചീകരിക്കും. കുരുത്തോലയും കാഞ്ഞിരത്തിനിലയും കൊണ്ട് പരിസരം അലങ്കരിക്കും.
ഇതിനുശേഷമാണ് നിവേദ്യം തയ്യാറാക്കി കാലിച്ചാനൂട്ട് നടത്തുക. പങ്കെടുക്കുന്നവര്‍ക്ക് നിവേദ്യം പ്രസാദമായി നല്‍കും. ഇത്തരം കാവുകളില്‍ വൈകാതെ കാലിച്ചാന്‍ തെയ്യം കെട്ടിയാടുകയും ചെയ്യും. ഉദുമ ഉദയമംഗലം ചെരിപ്പാടി വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനം, പറക്കളായി കാലിച്ചാന്‍കാവ്, അയ്യങ്കാവ് കാലിച്ചാന്‍ പാറക്കാവ്, എണ്ണപ്പാറക്കാവ്, പരിയാരം, കൊക്കാല്‍, പുത്യകോടി, കുന്നുമ്മല്‍ തറവാട് കാലിച്ചാന്‍ ദേവസ്ഥാനം തുടങ്ങിയ ഇടങ്ങളിലും പത്താമുദയനാളില്‍ കാലിച്ചാനൂട്ട് നടത്താറുണ്ട്.

