കാസർകോട്: (KasargodVartha) നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് എന്നാണൊരു ശാശ്വത പരിഹാരമുണ്ടാവുക എന്ന ചോദ്യവുമായി യാത്രക്കാരും വാഹന ഉടമകളും.
മംഗളൂരു-കുമ്പള ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കറന്തക്കാട് എത്തിയാല്‍ പിന്നെ ഗതാഗതക്കുരുക്കില്‍ കുടുങ്ങുക എന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവിടെ നിന്ന് പഴയ ബസ് സ്റ്റാൻഡില്‍ എത്തണമെങ്കില്‍ തന്നെ കുറഞ്ഞത് അരമണിക്കൂറിലധികം വേണ്ടിവരും. ചെർക്കള-വിദ്യാനഗർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്കും സമാനമായ ദുരിതമാണ് നേരിടേണ്ടി വരുന്നത്.
തകർന്ന റോഡുകളും ഇടുങ്ങിയ വഴികളും
നഗരത്തിലെ വാഹനത്തിരക്കിനോടൊപ്പം റോഡുകളിലെ തകർച്ചയും കുഴികളും കൂടിയാകുമ്പോള്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് നഗരത്തില്‍ ഏറ്റവും വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇത് വിദ്യാർഥികള്‍ക്കും, വ്യാപാരികള്‍ക്കും, ജോലിക്ക് പോകുന്ന സാധാരണക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വിദ്യാർഥികള്‍ക്ക് കൃത്യസമയത്ത് സ്കൂളിലെത്താനും തിരികെ വീട്ടിലെത്താനും ഇത് വലിയ തടസ്സമാകുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡ് സർക്കിള്‍ മുതല്‍ ചന്ദ്രഗിരി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും ബാങ്ക് റോഡിലുമാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
അടിയന്തര സർവീസുകള്‍ക്കും തടസ്സം
ഗതാഗതക്കുരുക്ക് അത്യാഹിത രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകള്‍ക്കും ഫയർ ഫോഴ്സ് വാഹനങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജീവൻ രക്ഷാ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് നഗരത്തിലെ തിരക്ക്. നഗരത്തിലെ ഇടുങ്ങിയ സർവീസ് റോഡുകളില്‍ മിക്കയിടങ്ങളിലും ടൂ-വേ സംവിധാനത്തിലാണ് നിലവില്‍ വാഹനങ്ങള്‍ ഓടുന്നത്. ദേശീയപാത മേല്‍പ്പാലത്തിലൂടെ സുഗമമായി കടന്നുപോകേണ്ട വലിയ ചരക്ക് വാഹനങ്ങള്‍ പോലും ഇപ്പോള്‍ ഇടുങ്ങിയ സർവീസ് റോഡിലൂടെയാണ് സർവീസ് നടത്തുന്നത്. ഇത് ഗതാഗത സ്തംഭനം പൂർണമാക്കുന്നു.
തകർന്നടിഞ്ഞ് നടപ്പാതകള്‍
ബസുകളും ചരക്ക് വാഹനങ്ങളും അനിയന്ത്രിതമായി സർവീസ് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാല്‍നട യാത്രക്കാരും അപകട ഭീഷണിയിലാണ്. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ കയറി നടപ്പാതയിലെ ഇന്റർലോക്കുകള്‍ പലയിടത്തും തകർന്ന നിലയിലാണ്. ഓവുചാലുകളുടെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് കാല്‍നടയാത്രക്കാർക്ക് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്.
ടൗണിലെ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് വ്യാപാരികളും പൊതുജനങ്ങളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി നേതാക്കള്‍ നിരവധി തവണ കാസർകോട് നഗരസഭയ്ക്ക് നിർദേശങ്ങള്‍ അടങ്ങിയ നിവേദനം സമർപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ലെന്നും പരിഹാരം ഇപ്പോഴും അകലെയാണെന്നും വ്യാപാരി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങള്‍ളും അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod city is facing severe traffic congestion, particularly affecting routes from Mangaluru-Kumbla and Cherkala-Vidyanagar. Bad roads, heavy vehicles using service roads instead of overpasses, and damaged footpaths are exacerbating the issue, causing delays for students, commuters, and even emergency vehicles like ambulances.
#Kasaragod #TrafficJam #KeralaNews #KasaragodMunicipality #RoadSafety #MangaluruRoute #KasaragodTraffic #AparnaNews

