ന്യൂഡല്‍ഹി: സർക്കാർ വസ്തുവിലെ മുസ്ളീം പള്ളി നീക്കം ചെയ്യണമെന്ന് ഹൈക്കോടതില്‍ ആവശ്യമറിയിച്ച് കേന്ദ്രസർക്കാർ.
ന്യൂഡല്‍ഹിയിലെ കൃഷിഭവൻ കോംപ്ളക്‌സില്‍ സ്ഥിതി ചെയ്യുന്ന നൂറ് വർഷം പഴക്കമുള്ള ഖാദീമി മസ്‌ജിദ് സെൻട്രല്‍ വിസ്‌ത പുനർവികസന പ്രോജക്‌ട് പ്രകാരം നീക്കം ചെയ്യണമെന്നാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. ഓഫീസ് സമുച്ചയത്തിനുള്ളില്‍ പള്ളി നിലനിർത്തുന്നത് അനുവദനീയമല്ലാത്തതും സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് യോജിക്കാത്തതുമാണെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി സെൻട്രല്‍ സെക്രട്ടറിയേറ്റിലെ ഡോക്‌ടർ രാജേന്ദ്ര പ്രസാദ് റോഡില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റുവിയൻ കാലത്തെ സർക്കാർ കെട്ടിടമാണ് കൃഷിഭവൻ. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതോടൊപ്പമാണ് പള്ളിയും പൊളിക്കാൻ സർക്കാർ ആലോചിക്കുന്നത്. സെക്രട്ടറിയേറ്റ് കെട്ടിടങ്ങള്‍ നിർമിക്കാനുള്ള സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
1940 നവംബർ എട്ടിലെ കരാർ പ്രകാരം ഖാദീമി പള്ളിയുടെ മാനേജിംഗ് കമ്മിറ്റിക്ക് സ്ഥലം ഉപയോഗിക്കാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.
അതേസമയം, പള്ളിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പരിപാലന സമിതി കഴിഞ്ഞ സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. പള്ളിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും നിലവിലെ സർക്കാർ സമുച്ചയം വരുന്നതിനുമുൻപും പള്ളിയുണ്ടായിരുന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. 1945 മുതലുള്ള വിവിധ ചരിത്രരേഖകളില്‍ പള്ളിയുടെ അസ്തിത്വം രേഖപ്പെടുത്തിയിട്ടുണ്ടെന്നും സമിതി കോടതിയെ അറിയിച്ചു.
1970ല്‍ ഡല്‍ഹി വഖഫ് ബോർഡ് ഈ സ്വത്ത് വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്യുകയും അതിന്റെ പഴക്കം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ സർക്കാരിന്റെ കാലത്ത് 1950കളിലും 1960കളിലും കൃഷി ഭവൻ, ശാസ്ത്രി ഭവൻ, സമീപത്തുള്ള മറ്റ് സർക്കാർ ഓഫീസുകള്‍ എന്നിവ നിർമ്മിക്കപ്പെടുന്നതിന് മുൻപുതന്നെ അവിടെ പള്ളി നിലനിന്നിരുന്നു. പള്ളിയുള്ള ഭൂമി സർക്കാരിന്റേതാണ്. അതിനാല്‍ പുനർവികസന പ്രവർത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ പള്ളി നീക്കം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയുണ്ട്. കൃഷിഭവനിലെയും സമീപത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ പ്രാർത്ഥനയ്ക്കായി പള്ളിയില്‍ എത്താറുണ്ടെന്നും പരിപാലന സമിതി കോടതിയെ അറിയിച്ചു.
ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് വഴി സർക്കാർ സമർപ്പിച്ച സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം, ഭൂമിയുടെ ഉടമസ്ഥരായിരുന്ന അന്നത്തെ ഭരണകൂടവും മസ്ജിദ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയും തമ്മിലാണ് 1940ല്‍ കരാറില്‍ ഒപ്പുവച്ചത്. ഇതിലെ വ്യവസ്ഥകള്‍ പ്രകാരം, പ്രസ്തുത സ്ഥലം ഒരു പള്ളിയായി മാത്രം ഉപയോഗിക്കുന്നതിനായാണ് മാനേജിംഗ് കമ്മിറ്റിക്ക് കൈവശാവകാശം നല്‍കിയിരിക്കുന്നത്.
1940ലെ കരാർ പള്ളിയുടെ ചരിത്രത്തെക്കുറിച്ച് നിർണായകമായ സൂചനയും നല്‍കുന്നു. 1957ല്‍ കൃഷി ഭവൻ പൂർത്തിയാകുന്നതിന് ഏകദേശം 17 വർഷം മുമ്പ്, 1940 നവംബറിലെങ്കിലും ഖാദീമി മസ്ജിദ് അവിടെ നിലനിന്നിരുന്നു എന്ന് കരാർ വ്യക്തമാക്കുന്നു. പള്ളി സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റമല്ലെന്നും അക്കാലത്തെ ഭരണകൂടം തന്നെ അവിടെ പ്രവർത്തിക്കാൻ അനുമതി നല്‍കിയിരുന്നുവെന്നും കരാർ ചൂണ്ടിക്കാട്ടുന്നു.

