Monday, 13 Jul, 6.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
17 വര്‍ഷത്തിന് ശേഷം ഫെഡറല്‍ വധശിക്ഷ നടപ്പാക്കൊനൊരുങ്ങി യു.എസ്

വാഷിംഗ്ടണ്‍ : 17 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഫെഡറല്‍ വധശിക്ഷ നടപ്പാക്കാന്‍ പോകുന്നു. ഇന്ത്യാനയില്‍ പ്രാദേശിക സമയം ജൂണ്‍ 13 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ( ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ) ആണ് വധശിക്ഷ നടപ്പാക്കുക. അപ്പീല്‍ കോടതിയുടെ വിധിയെ തുടര്‍ന്നാണ് വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

ഡാനിയല്‍ ലൂയിസ് ലീ എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. 1996ല്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതിനാണ് ലീയേയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. ലീയുടെ വധശിക്ഷ നീട്ടിവയ്ക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് വധശിക്ഷയ്ക്ക് സാക്ഷിയാകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കീഴ്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 47 കാരനായ ലീയുടെ വധശശിക്ഷ നിറുത്തിവയ്ക്കാനുള്ള കീഴ്ക്കോടതിയുടെ തീരുമാനം അപ്പീല്‍ കോടതി അസാധുവാക്കുകയായിരുന്നു. ലീയെ വിഷം കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടു.

അതേസമയം, ലീയുടെ വധശിക്ഷ നീട്ടുന്നത് സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ( ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ) മുമ്ബ് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വധശിക്ഷ തടയാന്‍ സാധിക്കുകയുള്ളുവെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കുടുംബത്തിലെ മൂന്ന പേരെ കൊലപ്പെടുത്തി അവരുടെ മൃതദേഹം തടാകത്തില്‍ തള്ളിയ ലീയുടെ വധശിക്ഷ കഴിഞ്ഞ ‌ഡിസംബറില്‍ നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ ഫെഡറല്‍ വധശിക്ഷ സംബന്ധിച്ച നിയമകുരുക്കുകളുടെ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ വൈകുകയായിരുന്നു.

അതേ സമയം, ലീ കൊലപ്പെടുത്തിവരുടെ കുടുംബാംഗമായ 81കാരി എര്‍ലീന്‍ പീറ്റേഴ്സണ്‍ ലീയുടെ വധശിക്ഷ എതിര്‍ത്തിരുന്നു. കൊലപാതകത്തില്‍ ലീയുടെ കൂട്ടാളിയ്ക്ക് നല്‍കിയത് പോലെ ഇയാള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എര്‍ലീന്റെ മകളും മകളുടെ ഭര്‍ത്താവും ചെറുമകളുമാണ് കൊല്ലപ്പെട്ടത്. ലീ ഉള്‍പ്പെടെ നാല് ഫെഡറല്‍ തടവുകാരുടെ വധശിക്ഷയാണ് 2003ന് ശേഷം നടക്കാന്‍ പോകുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ നാല് വധശിക്ഷകളും നടക്കാന്‍ പോകുന്നത്.

കഴി‌ഞ്ഞ വര്‍ഷമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറല്‍ വധശിക്ഷ പുനരാരംഭിക്കുന്ന വിവരം ട്രംപ് ഭരണകൂടം അറിയിച്ചത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. 19 വയസുകാരി ട്രേസി ജോയ് മക്ബ്രിഡ് എന്ന യു.എസ് സൈനിക ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസില്‍ 53 കാരനായ മുന്‍ യു.എസി സൈനികന്‍ ലൂയിസ് ജോണ്‍സ് ജൂനിയറിന്റെ ഫെഡറല്‍ വധശിക്ഷയാണ് ഒടുവില്‍ യു.എസില്‍ നടന്നത്. 2003 മാര്‍ച്ച്‌ 8നായിരുന്നു ഇത്.

അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അനുസരിച്ച്‌, കുറ്റകൃത്യങ്ങള്‍ക്ക് ദേശീയ തലത്തില്‍ ഫെഡറല്‍ കോടതികളിലോ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് കോടതികളിലോ വിചാരണ നടത്താം. വ്യാജ കറന്‍സി ഉള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്നതോ ഭരണഘടനാ ലംഘന സംബന്ധമോ ആയ കേസുകള്‍ ഫെഡറല്‍ കോടതിയിലാണ് വിചാരണ നടത്തുക. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചാണ് മറ്റുള്ള കേസുകള്‍ ഫെഡറല്‍ കോടതിയ്ക്ക് വിടുന്നത്.

1972ല്‍ ഫെ‌ഡറല്‍, സ്റ്റേറ്റ് തലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നീട് സ്റ്റേറ്റ് കോടതികള്‍ക്ക് വധശിക്ഷ വിധിയ്ക്കാനുള്ള അനുവാദം 1976ല്‍ സുപ്രീംകോടതി നല്‍കി. 1988ല്‍ ഫെഡറല്‍ തലത്തിലും വധശിക്ഷകള്‍ നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം യു.എസ് സര്‍ക്കാര്‍ പാസാക്കിയിരുന്നു.

ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച്‌ 1988 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യു.എസില്‍ ഫെഡറല്‍ കേസുകളില്‍ 78 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാല്‍ മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് ഇതേവരെ നടപ്പാക്കിയിട്ടുള്ളത്. 62 പേരാണ് നിലവില്‍ ഫെഡറല്‍ വധശിക്ഷ കാത്ത് യു.എസിലുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top