Dailyhunt
₹2,000ന്റെ നോട്ട് പിന്‍വലിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം

₹2,000ന്റെ നോട്ട് പിന്‍വലിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2,000 രൂപാ നോട്ടിന്റെ അച്ചടി നിറുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു സാമ്ബത്തിക വര്‍ഷങ്ങളിലായി 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല.

ഈവര്‍ഷം മാര്‍ച്ച്‌ 31ലെ കണക്കുപ്രകാരം 2,000ന്റെ 27,398 ലക്ഷം നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 2019ലെ പ്രചാരം 32,910 ലക്ഷം നോട്ടുകളായിരുന്നു. എല്ലാ കറന്‍സികളുടെയും അച്ചടി ലോക്ക്ഡൗണില്‍ നിറുത്തിവച്ചിരുന്നത്, ഘട്ടംഘട്ടമായി പുനരാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ കീഴിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലും (ബി.ആര്‍.ബി.എന്‍.എം.പി.എല്‍), സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയിലുമാണ് (എസ്.പി.എം.സി.ഐ.എല്‍) അച്ചടി പുനരാരംഭിച്ചത്.

മൈസൂര്‍, സാല്‍ബനി (ബംഗാള്‍) എന്നിവിടങ്ങളിലാണ് ബി.ആര്‍.ബി.എന്‍.എം.പി.എല്ലിന്റെ പ്രസുകള്‍. എസ്.പി.എം.സി.ഐ.എല്ലിന്റെ പ്രസുകള്‍ നാസിക്കിലും മദ്ധ്യപ്രദേശിലെ ദേവാസിലുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi