Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
5രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങും; കേരളത്തില്‍ വില്‍പ്പന കിലോ 65 രൂപയ്ക്ക്

5രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങും; കേരളത്തില്‍ വില്‍പ്പന കിലോ 65 രൂപയ്ക്ക്

വാളയാര്‍: അഞ്ച് രൂപയുടെ അരി അതിര്‍ത്തി കടക്കുമ്പോള്‍ 25 രൂപ, പോളീഷ് ചെയ്താല്‍ 65 രൂപ. പാവപ്പെട്ടവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കുന്ന അരിയാണ് വാളയാര്‍ വഴി കേരള വിപണിയിലേക്ക് ഒഴുകുന്നത്.

തമിഴ്നാട്ടില്‍ നിന്ന് കടത്തി കൊണ്ടുവരുന്ന വില കുറഞ്ഞ അരി അതിര്‍ത്തി കടക്കുമ്പോള്‍ വില കൂടിയ സ്പെഷല്‍ അരിയായി മാറുകയാണ്. അരിക്കടത്തിന് നേതൃത്വം നല്‍കുന്ന ഒരു ടീം തന്നെ വാളയാര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ് ഇവര്‍ അരി വാങ്ങുന്നത്. ഇത് വാളയാറില്‍ എത്തിച്ചതിന് ശേഷം വന്‍കിട കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ നിന്നും അരി വാങ്ങുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്‍കിട ഏജന്റുമാര്‍ കിലോക്ക് 25 രൂപക്ക് വാങ്ങുന്ന അരി പോളീഷ് ചെയ്ത് കിലോക്ക് 65 രൂപക്ക് മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്ക് പോലും ഈ അരി എത്തുന്നതായാണ് വിവരം. ടണ്‍ കണക്കിന് അരി വാളയാര്‍ വഴി എത്തുന്നത് മൂലം ലക്ഷങ്ങളാണ് കച്ചവടക്കാരുടെ പോക്കറ്റില്‍ വീഴുന്നത്.

ട്രെയിനിലും അരികടത്ത്

ജി.എസ്.ടി വന്നതിന് ശേഷം ചെക്പോസ്റ്റ് സംവിധാനം ഇല്ലാതായതും അരി കടത്തുകാര്‍ക്ക് ഗുണമായി. വാഹനമാര്‍ഗ്ഗം നേരിട്ട് അരി കൊണ്ടുവരുന്നുണ്ട്. ഇതിന് ജി.എസ്.ടി ബില്‍ ശരിയാക്കി കൊടുക്കാന്‍ ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരിക്ക് ജി.എസ്.ടി നിരക്ക് ഒരു ശതമാനമേ ഉള്ളു എന്നതിനാല്‍ ഏജന്‍സിക്കാരുടെ ഫീസ് ഉള്‍പ്പെടെ ചെറിയൊരു സംഖ്യ മാത്രമെ അരിക്കടത്തുകാര്‍ക്ക് ചെലവ് വരുന്നുള്ളു. ഇതിന് പുറമെ ട്രെയിന്‍ മാര്‍ഗ്ഗം അരികടത്തുന്നുണ്ട്.

റെയില്‍വെ സ്റ്റേഷനില്‍ നിന്നും തല ചുമടായാണ് അരി രഹസ്യ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നത്. വാളയാര്‍ മേഖലയില്‍ തമിഴ്നാട് റേഷനരി സൂക്ഷിക്കുന്ന നിരവധി രഹസ്യ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ വിലക്ക് നല്‍കേണ്ട അരി മറിച്ച്‌ വില്‍ക്കുന്നത്. അതിര്‍ത്തി കടക്കുമ്പോള്‍ തമിഴ്‌നാട് റേഷനരിയുടെ വില പന്ത്രണ്ട് ഇരട്ടിയായി ഉയരുന്ന പ്രതിഭാസം കേരളത്തിലെ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi