ആലപ്പുഴ: മുഹമ്മയില്‍ സാമൂഹ്യപ്രവർത്തനത്തിന് പുതിയ അരങ്ങൊരുക്കിയ അരങ്ങിന് ഇരുപത്തി രണ്ട് വയസ്. മുഹമ്മ കുമരകം ബോട്ട് ദുരന്തത്തിന്റെ മൂന്നാം വാർഷികത്തോടെ പ്രവർത്തനം ആരംഭിച്ച അരങ്ങ് സോഷ്യല്‍ സർവീസ് ഫോറം എന്ന കൂട്ടായ്മ മുഹമ്മയുടെ ശബ്ദമായി ഇതിനകം മാറിക്കഴിഞ്ഞു.
സി.പി.ഷാജി എന്ന സാധാരണക്കാരന്റെ മനസ്സില്‍ വിടർന്ന് ആശയമാണ് രണ്ട് പതിറ്റാണ്ടായി മുഹമ്മകുമരകം ബോട്ട് ദുരന്ത സ്മരണാഞ്ജലി വേറിട്ട ചടങ്ങോടെ നടത്തുന്നത്. സംസ്ഥാനത്ത് കയർ ദിനാചരണം, ലോട്ടറി ടിക്കറ്റ് പിന്നില്‍ അച്ചടിച്ചിരുന്നത് മലയാളത്തിലാക്കുക, വൈദ്യുതി ബില്‍ മലയാളത്തിലാക്കുക തുടങ്ങിയവ ഷാജി സർക്കാരില്‍ സമർപ്പിച്ച ആശയങ്ങളായിരുന്നു. ഇരുപത്തി രണ്ട് വർഷത്തിനിടയില്‍ മുഹമ്മ പ്രദേശത്ത് വിവിധ മേഖലകളിലെ നൂറു കണക്കിന് പ്രതിഭകളെ സംഘടന ആദരിച്ചു.
മദേഴ്സ് ചാരിറ്റിയുമായി സഹകരിച്ച് നാലുവർഷമായി മുഹമ്മയിലും കഞ്ഞിക്കുഴിയിലുമുള്ള അമ്മമാർക്ക് പൊതിച്ചോറ്, വസ്ത്രങ്ങള്‍, ചികിത്സ സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കിവരുന്നു. ഓരോ വിഷയത്തിലും വ്യത്യസ്തമായ ചിന്തകളോടെ ലളിതമായ ചടങ്ങിലൂടെ വലിയ വലിയ ആശയങ്ങളാണ് ജനങ്ങളിലെത്തിക്കുന്നത്. ഡോ. സൈറൂ ഫിലിപ്പ്, ഫാദർ ഡോ.സാംജി വടക്കേടം, ആലപ്പി ഋഷികേഷ് ഉള്‍പ്പെടെയുള്ള പ്രശസ്തരായ വ്യക്തികളോടൊപ്പം നിരവധി സാധാരണക്കാരും അരങ്ങിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു.
ഇരുപത്തിരണ്ടാമത് വാർഷിക സൗഹൃദ കൂട്ടായ്മ ഞായറാഴ്ച മുഹമ്മ ഇല്ലിക്കല്‍ ഷൂട്ടിംഗ് ഹബ്ബില്‍ ഒത്തുചേരും. ഇരുപത്തിയഞ്ചിലധികം വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. കൂട്ടായ്മ കണ്ണൂർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ.സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ ഫാദർ ഡോ.സാംജി വടക്കേടം ആദരവുകള്‍ അർപ്പിക്കും.

