കാളികാവ്: പ്രവേശനോത്സവത്തിന്റെ ആരവങ്ങള്‍ ഒടുങ്ങി സ്കൂളുകളില്‍ അദ്ധ്യയനം സജീവമാകുമ്പോഴും ചോക്കാട് ഗവ. എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് മുറിയില്‍ ആദിത്യൻ ഒറ്റയ്ക്കാണ്.
തനിക്കൊപ്പം കളിക്കാനും പഠിക്കാനും കൂട്ടുകാരെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കൻ. സ്കൂളിന് സമീപത്തെ തോട്ടത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയുടെ കുട്ടി ഒന്നാം ക്ലാസിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരുടെ കുടുംബം നാട്ടില്‍ നിന്ന് തിരിച്ചെത്തിയില്ല. സ്കൂള്‍ തുറന്ന് മൂന്ന് ദിവസം കഴിഞ്ഞതോടെ ഇനി പുതിയ കുട്ടികള്‍ വരാനും സാദ്ധ്യതയില്ല.
1978ല്‍ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സൗകര്യം മുൻനിറുത്തി നാല്‍പ്പത് സെന്റ് ഉന്നതിയില്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍. ഒരുകാലത്ത് 100ഓളം കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ നിലവില്‍ 10 വിദ്യാർത്ഥികളാണുള്ളത്. ഒന്നാം ക്ലാസിന് പുറമെ നാലാം ക്ലാസിലും ഒരു കുട്ടി മാത്രമാണുള്ളത്. രണ്ടാം ക്ലാസില്‍ മൂന്ന്, മൂന്നാം ക്ലാസില്‍ അഞ്ചും കുട്ടികള്‍ വീതവും. പുറത്ത് നിന്നുള്ള കുട്ടികള്‍ ഈ വിദ്യാലയത്തിലേക്ക് എത്താറില്ല. ഉന്നതിയിലെ ജനനനിരക്കില്‍ വന്ന വലിയ കുറവാണ് സ്കൂളിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് ആരോപണം.
80തോളം കുടുംബങ്ങള്‍ ഈ പ്രദേശത്തുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. കോളനിയിലെ പ്രായപൂർത്തിയായ യുവതികള്‍ ദൂരസ്ഥലങ്ങളിലേക്ക് വിവാഹം കഴിച്ചു പോകുമ്പോള്‍ വിവാഹം കഴിക്കാത്ത നിരവധി യുവാക്കളാണ് ഇവിടെയുള്ളത്. .

