Dailyhunt

ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ വ്യാജ സൈനികന്‍ പിടിയില്‍

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്ബില്‍ ആര്‍മി റിക്രൂട്ട്മെന്റ് എഴുത്ത് പരീക്ഷയ്ക്കിടെ വ്യാജ പട്ടാള വേഷത്തിലെത്തിയ യുവാവ് കുടുങ്ങി.. തമിഴ്നാട് മധുര സ്വദേശി മധുമോഹന്‍ രാജിനെയാണ് ( 25)മിലിട്ടറി ഇന്റലിജന്‍സ് പിടി കൂടി പൂജപ്പുര പൊലീസിന് കൈമാറിയത്.

സൈനികര്‍ ഉപയോഗിക്കുന്ന പച്ച കലര്‍ന്ന ടീ ഷര്‍ട്ടും ബൂട്ടും ധരിച്ചാണ് മധുമോഹന്‍ എത്തിയത്.

സൈന്യത്തിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നതിന് താന്‍ തമിഴ്‌നാട്ടില്‍ പരിശീലനകേന്ദ്രം നടത്തുന്നുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ കാന്‍വാസ് ചെയ്തിരുന്നത്. സൈനികനെന്ന പേരിലാണോ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

മധുരയിലും അന്വേഷണം നടത്തും. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുന്ന സ്ഥലങ്ങളിലെത്തി കായികക്ഷമതാ പരീക്ഷയില്‍ പാസാകുന്ന ഉദ്യോഗാര്‍ത്ഥികളെ നേരിട്ടും സമീപിക്കാറുണ്ട്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥരാണ് തന്റെ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും അവരെ വിശ്വസിപ്പിക്കും.10,​000 രൂപയാണ് ഫീസ്. ഇതില്‍ 5000 രൂപ ആദ്യവും ശേഷിക്കുന്ന 5000 രൂപ എഴുത്ത് പരീക്ഷ പാസായ ശേഷവും നല്‍കണം. പ്രലോഭനത്തില്‍ വീഴുന്ന ഉദ്യോഗാര്‍ത്ഥികള്‍ കോച്ചിംഗ് സെന്ററില്‍ ചേരും. നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് പൂജപ്പര ഗ്രേഡ് എസ്.ഐ ബൈജു പറഞ്ഞു.

ഇന്നലെ പരീക്ഷ എഴുതിയവരില്‍ 18 പേര്‍ മധുമോഹന്റെ സ്ഥാപനത്തില്‍ പരിശീലനം നേടിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികളാരും പരാതിപ്പെടാത്തതിനാല്‍ ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.

പിടിയിലായത്

അപകടത്തിനിടെ

മധുരയില്‍ നിന്ന് സ്വന്തം കാറിലാണ് മധുമോഹന്‍ തിരുവനന്തപുരത്തെത്തിയത്. മിലിട്ടറി ക്യാമ്ബിന് സമീപത്ത് വച്ച്‌ കാര്‍ സ‌്കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പട്ടാള യൂണിഫോമിലായിരുന്ന മധുമോഹന്‍ നാട്ടുകാരുമായി തര്‍ക്കിച്ചപ്പോള്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന പട്ടാളക്കാര്‍ ഇടപെട്ടു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടര്‍ന്നാണ് ഇയാളെയും കാറും കസ്റ്റഡിയിലെടുത്തത്. .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi