മുംബയ്: മറ്റുള്ളവരെ അനുകരിച്ചോ കടുത്ത മത്സരത്തിന്റെ ഭാഗമായോ മുന്നേറാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.
സ്വന്തം രീതിയിലും മൂല്യങ്ങളിലും വിശ്വസിച്ചാണ് കരിയർ മുന്നോട്ടുകൊണ്ടുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി. ജിയോസ്റ്റാറിന്റെ 'ബിലീവ്' എന്ന ഷോയിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിന് സഞ്ജു നിർണായക പങ്കാണ് വഹിച്ചത്. എന്നാല്‍ അയർലൻഡ്, ഇംഗ്ളണ്ട് പര്യടനങ്ങളില്‍ മികച്ച ഫോം കണ്ടെത്തുന്നതിന് താരത്തിന് സാധിച്ചില്ല. ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പല മത്സരങ്ങളിലും അന്തിമ ഇലവനില്‍ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. താൻ ഒരിക്കലും 'റാറ്റ് റേസിന്റെ' ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും മറ്റുള്ളവരെ താരമതമ്യം ചെയ്യുന്നതിനേക്കാള്‍ സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.
ഇന്ത്യൻ ടീമില്‍ അവസരങ്ങള്‍ ലഭിക്കാതെ നിരവധി തവണ നിരാശ നേരിട്ടെങ്കിലും അതൊന്നും തന്റെ സമീപനം മാറ്റിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം കാര്യങ്ങളൊന്നും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രദ്ധിച്ചതെന്നും സഞ്ജു പറഞ്ഞു. നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനായി മറ്റുള്ളവരുടെ പാത പിന്തുടരേണ്ട ആവശ്യമില്ലെന്നും എല്ലാവർക്കും അവരവരുടേതായ സമയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർച്ചതാഴ്ചകള്‍ക്കൊടുവില്‍ സ്വന്തം രീതിയില്‍ മുന്നേറി ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ദൈവകൃപയാല്‍ ഞാൻ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. എനിക്ക് ഇപ്പോള്‍ 31 വയസായി. എനിക്ക് കുറച്ച് വർഷങ്ങള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ട്, എന്റെ ഇഷ്ടത്തിനനുസരിച്ച് കളിക്കാൻ ഞാൻ തീരുമാനിച്ചു. 2024ലെ ലോകകപ്പിന് ശേഷം 2026ലെ ലോകകപ്പില്‍ ഞാൻ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ 14 അല്ലെങ്കില്‍ 15 അംഗ സ്‌ക്വാഡില്‍ പോലും ഞാൻ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് ഞാൻ 2028നെക്കുറിച്ച് ഇപ്പോള്‍ പദ്ധതിയിടുക? ടീമിന് എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാൻ നന്നായി കളിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ശരിയായ രീതിയിള്‍ നടക്കും.'- സഞ്ജു പറഞ്ഞു.

