നിയമസഭയിലെ 140 അംഗങ്ങളില്‍ 102പേർ ഭരണപക്ഷത്ത്. അതിന്റെ നാലിലൊന്ന് അംഗങ്ങളുമായി ഒതുങ്ങി കഴിയുന്ന പ്രതിപക്ഷം.
പത്തുവർഷം രാജാക്കന്മാരായി ഇരുന്നിട്ട് പ്രതീക്ഷിക്കാത്ത വീഴ്ച പറ്റിയതിന്റെ ക്ഷീണം ഒരുവഴിക്ക്. അതുകൊണ്ടു തന്നെ വന്നവരും നിന്നവരുമൊക്കെ കിട്ടുന്ന അവസരത്തിലെല്ലാം പ്രതിപക്ഷത്തെ തോണ്ടാൻ മടിച്ചുമില്ല.
തട്ടിയും മുട്ടിയും, കൊണ്ടും കൊടുത്തുമൊക്കെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച കൊഴുക്കുന്നതിനിടെയാണ് കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്ത് ചെറിയൊരു തിരികൊളുത്തിയത്. മതേതര ജനാധിപത്യത്തിന്റെ കാവലാളുകള്‍ എന്ന് പ്രതിപക്ഷം സ്വയം ചമയുന്നതിലാണ് ആര്യാടൻ ഷൗക്കത്തിന് കട്ടക്കലിപ്പ്. ഇന്നോളമുണ്ടാവാത്ത തോല്‍വി നേരിട്ടിട്ടും പരിശോധിക്കാൻ എല്‍.ഡി.എഫ് തയ്യാറാവുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പരിഭവം.
1943ല്‍ കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പി.സി.ജോഷി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് മേധാവി റിജിനാള്‍ഡ് മാക്സ് വെല്ലിന് അയച്ച കത്തിന്റെ പകർപ്പുയർത്തിക്കാട്ടിയാണ് ഷൗക്കത്ത് ആക്രമണം കടുപ്പിച്ചത്. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കാനും ഒളിത്താവളങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ കാട്ടിക്കൊടുക്കാനുമുള്ള നീക്കം നടത്തിയതിന്റെ തെളിവാണിതെന്ന് ഷൗക്കത്ത് നിർദ്ദയം പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഒന്നു ഞെട്ടി.
1958ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഘവുമായുണ്ടാക്കിയ കൂട്ടിന്റെയും 67ല്‍ യു.പിയില്‍ ചരണ്‍സിംഗിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചതിന്റെയുമൊക്കെ ചരിത്രം വിളമ്പിയതോടെ പ്രതിപക്ഷാംഗങ്ങള്‍ക്ക് മിണ്ടാതിരിക്കാനാവാത്ത സ്ഥിതിയായി. അകാലിദളുമായും ജനസംഘവുമായും കുറുമുന്നണി ഉണ്ടാക്കിയ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആര്യാടൻ ഷൗക്കത്തിന് മൂക്കുകയറിടാൻ ക്രമപ്രശ്നവുമായി കെ.വി.സുമേഷ് എത്തി. സിനിമയില്‍ ശങ്കരാടി പറയുന്ന പോലുള്ള രേഖയാണ് ഷൗക്കത്ത് കാട്ടുന്നതെന്ന് സുമേഷ് പരിഹസിച്ചു. എന്നാല്‍, പുയ്യാപ്ളയുടെ കുടയുടെ കഥ പറഞ്ഞാണ് സി.പി.എമ്മിലെ പി.മമ്മിക്കുട്ടി, ഷൗക്കത്തിന് മറുപ്രഹരം നല്‍കിയത്. പൊന്നാനിയില്‍ നിക്കാഹ് കഴിക്കുന്ന പുതുമാപ്ളയ്ക്ക് കുട കൊടുക്കുന്ന പതിവുണ്ട്. 'പുയ്യാപ്ളക്കുട'എന്നാണ് ഇതിനെ പറയാറ്.
പുയ്യാപ്ളയ്ക്ക് 80 വയസ് കഴിഞ്ഞാലും കുടയുടെ പേരുമാറില്ല, പുറത്തേക്കിറങ്ങുമ്പോള്‍ കെട്ടിയോളോട് പറയും, 'ആ പുയ്യാപ്ള കുട ഇങ്ങെടുത്തേക്കാൻ'. തുണിയും കമ്പിയും കാലുമെല്ലാം പലവട്ടം മാറിയിട്ടുണ്ടാവുമെങ്കിലും പേരുമാത്രം പുയ്യാപ്ള കുടയെന്നാവും. ഇപ്പോഴത്തെ കോണ്‍ഗ്രസിന് പേരു മാത്രമേയുള്ളു, പഴയ കോണ്‍ഗ്രസ് അല്ലെന്ന് സമർത്ഥിക്കുകയായിരുന്നു മമ്മിക്കുട്ടി. മുണ്ട് മുറുക്കി ഉടുക്കല്‍ പ്രധാന പദ്ധതിയാക്കിയ എ.കെ.ആന്റണിയെയും അതിവേഗം ബഹുദൂരം പറഞ്ഞിട്ട് ക്ഷേമപെൻഷൻ 18 മാസം കുടിശികയാക്കിയ ഉമ്മൻചാണ്ടിയെയുമെല്ലാം മമ്മിക്കുട്ടി വാക്കുകളിലൂടെ അവതരിപ്പിച്ചപ്പോള്‍ ഭരണപക്ഷവും ഒന്നു നാവടക്കി.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് പറഞ്ഞ് തങ്ങളുടെ ഭരണകാലത്ത് പ്രതിപക്ഷം ആക്ഷേപിച്ചതിന്റെ ദേഷ്യം മുൻമന്ത്രി കെ.രാജന്റെ മനസില്‍ ഇപ്പോഴുമുണ്ട്. മുൻധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ഖജനാവില്‍ വിട്ട പൂച്ച പെറ്റുകൂട്ടിയത് 5500 കോടിയാണ്. ആ പൂച്ച ഒന്നൊന്നര പൂച്ചയാണെന്നും സംസ്ഥാന ഖജനാവിലെ പൂച്ചയെ വനംമന്ത്രി അനുവദിച്ചാല്‍ തൃശൂർ സുവോളജിക്കല്‍ പാർക്കില്‍ കൊണ്ടുപോകണമെന്നും കൂടി പറഞ്ഞാണ് രാജൻ അരിശം തീർത്തത്.
ശർക്കരചാക്കില്‍ അവിശ്വാസികളെ കയറ്റി ട്രാക്ടറില്‍ ശബരിമല കയറ്റുന്നതല്ല നവോത്ഥാനമെന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചത് ആർ.എസ്.പിയുടെ പുതുമുഖം വിഷ്ണുമോഹനാണ്. അധികാരത്തിന്റെ മഞ്ഞപ്പിത്തം ബാധിച്ചതിനാലാണ് മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ച് വീട്ടമ്മമാരെ ബുദ്ധിമുട്ടിച്ചതെന്നും അദ്ദേഹം വിശദമാക്കി. അടിസ്ഥാന വർഗത്തെ മറന്നതാണ് ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് കാരണമെന്നുള്ള ടി.കെ.ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകള്‍ സി.പി.എമ്മിനുള്ള അടിയായിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് സി.പി.എമ്മിന് എതിരെ വോട്ടു ചെയ്തതെന്ന സത്യവും അദ്ദേഹം തുറന്നടിച്ചു. നേതൃത്വത്തിന് അധികാരത്തിന്റെ അന്ധത ബാധിച്ചതിന്റെ ഫലമാണ് ഇതെന്നും ഓർമ്മപ്പെടുത്തി.
എണ്ണത്തോണിയില്‍ കിടക്കുന്ന വാതരോഗിയുടെ അവസ്ഥയാണ് സി.പി.എമ്മിന്റേതെന്നായിരുന്നു പഴകുളം മധുവിന്റെ പരിഹാസം. മഹാകവി കുമാരനാശാൻ വീണപൂവില്‍ വിശേഷിപ്പിക്കുംപോലെയാണ് ഇപ്പോള്‍ സി.പി.എം. കമ്മ്യൂണിസ്റ്റ് തകർച്ചയെക്കുറിച്ച് പുസ്തകമെഴുതാൻ ഇപ്പോള്‍ ഏറ്റവും യോഗ്യൻ ജി.സുധാകരനാണെന്ന മെരിറ്റ് സർട്ടിഫിക്കറ്റും അദ്ദേഹം നല്‍കി. പ്രസംഗത്തിന്റെ സമയം അതിക്രമിച്ചത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓർമ്മപ്പെടുത്തിയപ്പോള്‍, അങ്ങയുടെ നേർശിഷ്യനാണ്, അല്പം സമയം തരണമെന്നായി പഴകുളം മധു. നയരാഹിത്യമുള്ള നയപ്രഖ്യാപനം എന്നായിരുന്നു എം.എസ്.അരുണ്‍കുമാറിന്റെ വിശേഷണം. പൂക്കി സർക്കാർ പുകഞ്ഞുപോകാതിരിക്കട്ടെ എന്ന് നിർദ്ദോഷമാം വിധത്തില്‍ അദ്ദേഹം ആശംസിച്ചു.

