ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തന സജ്ജമായ കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സുരക്ഷാ സമുച്ചയമായ ജി. കാര്‍ത്തികേയന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് പ്രയോജനകരമാകുന്ന നിരവധി സംവിധാനങ്ങള്‍ ഈ മൂന്നുനില മന്ദിരത്തിലൂടെ ഒരു കുടക്കീഴില്‍ സജ്ജമാക്കിയാണ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പകല്‍വീട്, ബഡ്സ് സ്കൂള്‍, വനിത വിശ്രമ മുറികള്‍, വൃദ്ധര്‍ക്ക് വേണ്ടിയുള്ള റിക്രിയേഷന്‍ ക്ലബ്. ഒന്നാം നിലയില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍, ഫിസിയോതെറാപ്പി സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, കമ്മ്യൂണിറ്റി ഹാള്‍.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഓണ്‍ലൈനിലൂടെ നടന്ന ഉദ്ഘാടനത്തില്‍ മന്ത്രി അറിയിച്ചു. കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഓട്ടിസം സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എം.പി പകല്‍വീട് ബഡ്സ് സ്കൂള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ ഉദ്ഘാടനവും കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ കോണ്‍ഫറന്‍സ് ഹാളുകളുടെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസറുദീന്‍, ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി എം.എസ്. സുധീരന്‍ എന്നിവര്‍ സംസാരിച്ചു.

