തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർദ്ധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 14,010 രൂപയും പവന്റെ വില 1,12,080 രൂപയുമാണ്. ഇന്നലെ സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആശ്വാസത്തിന് വകയില്ലെന്നാണ് ഇന്നത്തെ വർദ്ധനവ് സൂചിപ്പിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 1,120 രൂപയാണ് കുറഞ്ഞത്.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെത്തുടർന്ന് ഓഹരി വിപണിയില്‍ നിന്ന് പണം പിൻവലിക്കുകയും പകരം ഏറ്റവും സുരക്ഷിത നിക്ഷേപമായ സ്വർണം വൻതോതില്‍ വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇത് സ്വർണത്തിന് പെട്ടെന്ന് ആവശ്യക്കാർ കൂടാനും വില കുത്തനെ ഉയരാനും കാരണമാകുന്നു. അന്താരാഷ്ട്ര ചർച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍ സ്വർണവില താഴേക്ക് എത്താനുള്ള സാദ്ധ്യതയുമുണ്ട്.
കൂടാതെ, അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് പലിശ നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത് പതിവാണ്. മാത്രമല്ല, ആഗോള വിപണിയില്‍ സ്വർണവ്യാപാരം പ്രധാനമായും നടക്കുന്നത് യു.എസ് ഡോളറിലാണ്. ഡോളർ ശക്തമാകുമ്പോള്‍ മറ്റു കറൻസികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്ക് സ്വർണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാവുകയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞ് വില താഴുകയും ചെയ്യും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ സ്വർണവില സാധാരണയായി വർദ്ധിക്കാറുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളില്‍ വിവാഹ സീസണുകളിലും ദീപാവലി പോലുള്ള ഉത്സവ കാലങ്ങളിലും സ്വർണത്തിന് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകും. ഈ സമയങ്ങളില്‍ പ്രാദേശിക വിപണിയിലെ ആവശ്യകതയും വിതരണവും തമ്മിലുള്ള വ്യത്യാസം കാരണം വിലയില്‍ താല്‍ക്കാലികമായ വർദ്ധനവ് ഉണ്ടാകാറുണ്ട്.

