ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 'ഇന്ത്യ' മുന്നണി നേതാക്കള്‍ അണിനിരന്ന മഹാറാലിയില്‍ പങ്കെടുക്കാൻ അതിരാവിലെ മുതല്‍ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു.
പതാകകളും ബാനറുകളും മുദ്രാവാക്യങ്ങളുമായി ലക്ഷങ്ങള്‍ അണിനിരന്നതോടെ രാംലീല മൈതാനം പ്രതിഷേധക്കടലായി.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന റാലി മുക്കാല്‍ മണിക്കൂർ വൈകിയാണ് തുടങ്ങിയത്. അതിനകം ഡല്‍ഹി കൊണാട്ട് പ്ലേസിലെ മിന്റോ റോഡും പരിസരവും പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. സി.പി.എം, സി.പി.ഐ പ്രവർത്തകരാണ് ആദ്യമെത്തിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെ എത്തിയ ഇടതുപക്ഷ പ്രവർത്തകർ മുദ്രാവാക്യങ്ങളും വിപ്ലവഗാനങ്ങളുമായി റാലിക്ക് ആവേശം പകർന്നു. സി.പി.ഐ സംഘത്തിന് സംസ്ഥാന സെക്രട്ടറി ബനോയ് വിശ്വം നേതൃത്വം നല്‍കി. പിന്നാലെ സമാജ്‌വാദി പാർട്ടിയുടെയും കോണ്‍ഗ്രസിന്റെയും യുവജനവിദ്യാർത്ഥി സംഘടനകളും അണിനിരന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയില്‍നിന്ന് തുറന്ന വാഹനങ്ങളിലെത്തിയ നേതാക്കള്‍ മിന്റോറോഡില്‍ നിന്ന് ഉച്ചയ്ക്ക് 12.45ഓടെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ രാംലീലാ മൈതാനത്തേക്ക് നീങ്ങി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി, അഭിഷേക് ബാനർജി, എം.എ. ബേബി, ഡി. രാജ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കള്‍ തുറന്ന വാഹനങ്ങളില്‍ അണിനിരന്നു.
പ്രകടനം നീങ്ങവേ ഇരുവശങ്ങളിലും കൈവീശിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രവർത്തകരുടെ ആവേശം. അവരെ അഭിവാദ്യം ചെയ്‌ത് നേതാക്കള്‍. ദേശീയ പതാകയേന്തിയ യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്ന പ്രവർത്തകരും റാലിയുടെ ഭാഗമായി. 21 പാർട്ടികള്‍ ഒരു പൊതുവിഷയത്തില്‍ റാലിയില്‍ അണിനിരന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെ കൈപ്പത്തിയും ഇടതുപക്ഷത്തിന്റെ ചെങ്കൊടിയും സമാജ്‌വാദി പാർട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പതാകകളും ഒന്നിച്ചുയർന്ന് ഐക്യസന്ദേശം നല്‍കി.

