Dailyhunt
അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാദ്ധ്യതകള്‍  പ്രയോജനപ്പെടുത്തണം: ജെ.കെ. മേനോന്‍

അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണം: ജെ.കെ. മേനോന്‍

കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിന്റെ അനന്തസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍ പറഞ്ഞു.
കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണം. വിദേശരാജ്യങ്ങളില്‍ കേരളത്തിന്റെ മനുഷ്യവിഭവശേഷി കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

അതുവഴി അവര്‍ നേട്ടങ്ങളുമുണ്ടാക്കുന്നു. ഈ നേട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉപയോഗിക്കാന്‍ കഴിയണം.
മികച്ച റോഡുകള്‍, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങള്‍, ഉത്പാദന യൂണിറ്റുകള്‍ക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതിയൂണിറ്റുകള്‍, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള പുതിയ പദ്ധതിയെ ജെ.കെ. മേനോന്‍ അഭിനന്ദിച്ചു.

ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ പ്രവാസിവ്യവസായികളും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi