Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാൻ വിനേഷിന് സുപ്രീം കോടതി അനുമതി

ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാൻ വിനേഷിന് സുപ്രീം കോടതി അനുമതി

ന്യൂ‌ഡല്‍ഹി: ഇന്നും നാളെയുമായി ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേ‌ഡിയത്തില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയല്‍സില്‍ ഗുസ്‌തി താരം വിനേഷ് ഫോഗാട്ടിന് പങ്കെടുക്കാൻ സുപ്രീംകോടതിയും അനുമതി നല്‍കി.

ഡല്‍ഹി ഹൈക്കോടതി വിനേഷിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഇതിനെതിരെ റസ്‌ലിംഗ് ഫെഡറേഷൻ സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഇടപെട്ടില്ല. വിനേഷ് ട്രയല്‍സില്‍ പങ്കെടുക്കട്ടെ. ജൂണ്‍ 1ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി. വിനേഷിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

അതേസമയം, വിനേഷ് ഉത്തേജക മരുന്ന് പരിശോധന അവഗണിച്ചതില്‍ കോടതി ചോദ്യമുന്നയിച്ചു. 2025 ജൂലായില്‍ മാതാവായി. 2026 ജനുവരി 1 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാൻ സാധിക്കുമെന്ന് ഇന്റർനാഷണല്‍ ടെസ്റ്റിംഗ് ഏജൻസി താരത്തിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് തയ്യാറായിരുന്നില്ല. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നായിരുന്നു വിശദീകരണം. ഏജൻസിക്കത് തൃപ്‌തികരമായി തോന്നിയില്ല. രാജ്യാന്തര മത്സരങ്ങളില്‍ അയോഗ്യതയുണ്ടായാല്‍ അത് രാജ്യത്തെ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിനേഷ് മികച്ച ഗുസ്‌തി താരമാണ്. എന്നാല്‍ രാജ്യത്തിനാണ് പ്രഥമ പരിഗണന.

സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടം

വിനേഷിന്റെ ട്രയല്‍സുമായി ബന്ധപ്പെട്ട നടപടികളുടെ മേല്‍നോട്ടത്തിന് രണ്ട് സ്വതന്ത്ര നിരീക്ഷകരെ കേന്ദ്രസർക്കാർ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശമുണ്ട്. റസ്‌ലിംഗ് ഫെഡറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിനേഷിന് ഫെഡറേഷൻ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ വാക്കുകള്‍ ദുരുദ്ദ്യേശത്തോടെയുള്ളതാണ്. ശരീരഭാരം 100 ഗ്രാം കൂടിയതിന് പാരീസ് ഒളിമ്പിക്‌സില്‍ വിനേഷിനെ അയോഗ്യയാക്കിയതിനെ 'ദേശീയ നാണക്കേടാണെന്നാണ്' നോട്ടീസില്‍ ഫെഡറേഷൻ കുറ്റപ്പെടുത്തിയത്. വിനേഷ് ഒരു തെറ്രും ചെയ്‌തിട്ടില്ലെന്ന് കോർട്ട് ഒഫ് ആ‌ർബിട്രേഷൻ ഫോർ സ്പോർട്സ് കണ്ടെത്തിയിട്ടും ഇത്തരത്തില്‍ പരാമർശം നടത്തിയത് പ്രതികാരബുദ്ധിയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi