വിലാപയാത്രയ്ക്കിടെ സംഘര്‍ഷം
ബ്യൂണേഴ്സ് അയേഴ്സ് : കാല്‍പ്പന്തുകളിയിലെ അവതാരപ്പിറവി ഡിയാഗോ അമാന്‍ഡോ മറഡോണയ്ക്ക് ലോകത്തിന്റെ കണ്ണീരില്‍ അലിഞ്ഞ് ബ്യൂണേഴ്സ് അയേഴ്സിലെ ബെല്ല വിസ്ത സെമിത്തേരിയില്‍ അന്ത്യവിശ്രമം. അര്‍ജന്റീനന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ കാസ റൊസാഡയിലെ പൊതു ദര്‍ശനത്തിന് ശേഷം അവിടെ നിന്ന് വിലാപയാത്രയായാണ് മറഡോണയുടെ ഭൗതീക ദേഹം ബെല്ല വിസ്ത സെമിത്തേരിയില്‍ എത്തിച്ചത്. അര്‍ജന്റീനന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീമംഗങ്ങളുമുള്‍പ്പെടെ നിരവധിപ്പേര്‍ കാസ റൊസാഡയില്‍ മറഡോണയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീമിന്റെ പത്താം നമ്ബര്‍ ജേഴ്സി പുതപ്പിച്ചാണ് മറഡോണയുടെ ഭൗതീക ദേഹം സംസ്കാരച്ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്.
ആയിരണക്കണക്കിനാളുകളാണ് വിലാപയാത്ര കടന്നു പോയ റോഡരികില്‍ ഇതിഹാസത്തിനെ അവസാനമായി ഒരു നോക്കുകാണുവാനും യാത്രാമൊഴിയേകാനുമെത്തിയത്. ബെല്ല വിസ്ത സെമിത്തേരിയില്‍ നടന്ന സംസ്കാരച്ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ അടക്കം 24 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അര്‍ജന്റീനന്‍ പ്രാദേശിക സമയം നാല് മണിക്കായിരുന്നു സംസ്കാരച്ചടങ്ങുകള്‍. ബ്യൂണേഴ്സ് അയേഴ്സില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കുമ്ബോള്‍ മറഡോണയുടെ ചിറകിലേറി വന്‍ നേട്ടങ്ങളുണ്ടാക്കിയ ഇറ്റലിയിലെ നാപ്പൊളി ക്ലബിന്റെ മൈതാനത്തിന് പുറത്ത് നിറകണ്ണുകളുമായി നിരവധിപ്പേര്‍ ഒത്തുകൂടി.
സംഘര്‍ഷം, വെടിവയ്പ്പ്
മറഡോണയുടെ വിലാപയാത്ര കടന്നുപോയ വഴിയോരത്ത് സങ്കടം സഹിക്കാനാകാതെ ഒഴുകിയെത്തിയ ആരാധകരുടെ വലിയ തിരക്കായിരുന്നു. വികാര നിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. മറഡോണയുടെ ഭൗതീകദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിനരികിലേക്ക് കൂടുതല്‍ ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളുള്ള തോക്കും പ്രയോഗിച്ചു. ഇത് വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി.
ജോലി കളഞ്ഞ ഫോട്ടോ
മറഡോണയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നടപടി. മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത ഇയ്യാളെ സെപിലിയോസ് പിനിയോസ് എന്ന ഫ്യൂണറല്‍ പാര്‍ലര്‍ അധികൃതര്‍ പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ ഫോട്ടോയ്ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

