മെെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അഞ്ച് അനാഥരോഗികള്‍ക്ക് പീസ് വാലി തണലൊരുക്കി
കളമശേരി: ആരോരുമില്ലാതെ സ്വന്തം പേര് പോലും ഓർമ്മയില്ലാതെ മാസങ്ങളായി കളമശേരി ഗവ.
മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരെ കോതമംഗലം പീസ്‌വാലി ഫൗണ്ടേഷൻ ഏറ്റെടുത്തു. ചികിത്സ പൂർത്തിയായെങ്കിലും തിരികെ കൊണ്ടുപോകാൻ ആരുമെത്താതിരുന്ന പൂർണമായും കിടപ്പിലായ സഗീർ (60), ശങ്കരൻ (72),രാധാകൃഷ്ണൻ (62), ഓർമ്മ നഷ്ടപ്പെട്ട മലയാളം സംസാരിക്കുന്ന വൃദ്ധൻ, ഇതര സംസ്ഥാനക്കാരൻ എന്നിവരെയാണ് പീസ്‌വാലി ഏറ്റെടുത്തത്. വാർഡിലെ നഴ്‌സ്, ആയ, സമീപ ബെഡുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാർ എന്നിവരാണ് ഭക്ഷണവും പ്രാഥമിക കാര്യങ്ങളടക്കമുള്ള സഹായങ്ങള്‍ ഇവർക്ക് നല്‍കിയിരുന്നത്. കിടപ്പുരോഗികളായ ഇവരുടെ പുനരധിവാസത്തിനായി ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ്, ആർ.എം.ഒ ഡോ.സാജിത എന്നിവരാണ് കോതമംഗലം പീസ്‌വാലിയെ ബന്ധപ്പെട്ടത്.
ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ച പീസ് വാലി ഭാരവാഹികള്‍ ഇവരുടെ ദയനീയസ്ഥിതി പരിഗണിച്ച് സ്ഥാപനത്തിലെ സ്ഥലപരിമിതി കണക്കിലെടുക്കാതെ അഭയം നല്‍കാൻ സന്നദ്ധത അറിയിച്ചു. വിഷയം സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് സാമൂഹികനീതി വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും ആവശ്യമായ രേഖകള്‍ ലഭ്യമാക്കിയതോടെയാണ് പുനരധിവാസത്തിനുള്ള വഴി തെളിഞ്ഞത്. പൊതുപ്രവർത്തകനായ നാസർ മൂലേപ്പാടത്തിന്റെ നേതൃത്വത്തില്‍ രോഗികളെ കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് യാത്രയാക്കിയത്. മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ആംബുലൻസുകളിലായി രോഗികളെ പീസ്‌വാലിയിലെത്തിച്ചു. അനാഥരായ മനുഷ്യർക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി കളമശേരി നഗരസഭാ ചെയർമാൻ ജമാല്‍ മണക്കാടൻ ഇവരെ യാത്രയാക്കി. പീസ്‌വാലി ഭാരവാഹികളായ ഫാറൂഖ് കെ.എം, ഷംസുദീൻ.വി.എ, പ്രിൻസിപ്പല്‍ ഡോ.അനില്‍കുമാർ,നഗരസഭാ കൗണ്‍സിലർമാരായ എം.എ.വഹാബ്, നജീബ് കളമശേരി, റഫീഖ് തെക്കൻ,അസീറ നാസർ,റസിഫ് എന്നിവർ പങ്കെടുത്തു.

