ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള അഞ്ചാം ബാച്ചിലെ നാല് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ഇന്ത്യയിലെത്തി. അംബാലയിലെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രന് പുറമെ പശ്ചിമ ബംഗാളിലെ ഹസിമാരിയയില്‍ സജ്ജമാക്കുന്ന രണ്ടാമത്തെ റാഫേല്‍ സ്ക്വാഡ്രനിലേക്കുള്ളതാണിവ. 18 വിമാനങ്ങള്‍ ചേര്‍ന്നതാണ് ഒരു സ്ക്വാഡ്രന്‍.
ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ മെറിനാക് ബോര്‍ഡോ വ്യോമത്താവളത്തില്‍ ഫ്ളാഗ് ഓഫ് ചെയ്‌ത വിമാനങ്ങള്‍ 8000 കിലോമീറ്റര്‍ താണ്ടിയാണ് ഇന്ത്യയില്‍ വന്നിറങ്ങിയത്. യാത്രയ്‌ക്കിടെ യു.എ.ഇ വ്യോമസേനയുടെ സഹായത്തോടെ ആകാശത്ത് വച്ച് ഇന്ധനം നിറച്ചിരുന്നു.
2016ലെ കരാര്‍ പ്രകാരം 58,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്. ആദ്യ ബാച്ച് വിമാനങ്ങള്‍ കഴിഞ്ഞ ജൂലായില്‍ ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ വ്യോമസേനാ മേധാവി റാഫേല്‍ പരിശീലന കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

