കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അത്‌ലറ്റിക്സില്‍ തുടർച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശേരി മികച്ച സ്കൂളിനുള്ള കിരീടം നേടിയത് .
8 സ്വർണം 10 വെള്ളി 6 വെങ്കലം ഉള്‍പ്പെടെ 75.3 പോയിന്റ് നേടിയാണ് ഐഡിയല്‍ അഞ്ചാം കിരീടത്തിലേക്ക് എത്തിയത്. നവാമുകുന്ദ സ്കൂള്‍ കായികമേളയ്ക്ക് ഇല്ലാതിരുന്നത് മലപ്പുറം ജില്ലയുടെ കിരീടത്തിന് തിരിച്ചടിയാകുമോ എന്ന് സംശയിച്ചവർക്ക് മുന്നില്‍ ഐഡിയല്‍ ടീം നെഞ്ചുവിരിച്ചുനിന്നു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് 8 സ്വർണവും 10 വെള്ളിയും 8 വെങ്കലവുമുള്‍പ്പെടെ 78 പോയിന്റ് നേടിയാണ് ഐഡിയല്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. 2022ലാണ് ഐഡിയല്‍ ആദ്യമായി സംസ്ഥാന സ്കൂള്‍കായികമേളയില്‍ ചാമ്പ്യൻമാരാകുന്നത്.
കായിക വിഭാഗം മേധാവി ഷാഫി അമ്മയത്ത് കോച്ചുമാരായ നദീഷ് ചാക്കോ,ടോമി ചെറിയാൻ, അഖില്‍ കെ.പി, അസ്റ്റന്റ് കോച്ച് ഹാരീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഐഡിയലിന്റെ താരങ്ങള്‍ ചാമ്പ്യൻപട്ടത്തിലേക്ക് കുതിച്ചത്.
മലപ്പുറത്തെ കെ.എം.എച്ച്.എസ് ആലത്തിയൂർ, പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂർ എന്നീ സ്കൂളുകള്‍ 34 പോയിന്റുമായി റണ്ണറപ്പായി. ആലപ്പുഴ സെന്റ് . ജോസഫ്സ് ജി.എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

