അഞ്ചാം ട്വന്റി-20യില്‍ ന്യൂസിലാൻഡിന് ജയം, പരമ്പരയില്‍ ഇന്ത്യയ്ക്ക് 3-2ന്റെ ജയം
ഹാമില്‍ട്ടണ്‍ : ന്യൂസിലാൻഡിനെതിരെ നടന്ന അഞ്ച് മത്സര പരമ്പരയിലെ അവസാന ട്വന്റി-20യില്‍ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും ഇന്ത്യ 3-2ന് പരമ്പര സ്വന്തമാക്കി.
ആദ്യ മൂന്ന് മത്സരങ്ങളില്‍ തകർപ്പൻ വിജയം നേടിയതാണ് ഇന്ത്യയ്ക്ക് തുണയായത്. നാലാം മത്സരത്തിലും ന്യൂസിലാൻഡാണ് ജയിച്ചിരുന്നത്.
ഇന്നലെ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ആദ്യ ബാറ്റിംഗിനിറക്കി 191/8ല്‍ ഒതുക്കിയശേഷം 18 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.19 റണ്‍സ് നേടുന്നതിനിടെ ഓപ്പണർമാരായ സഞ്ജു സാംസണിനെയും (4), അഭിഷേക് ശർമ്മയേയേും (1) നഷ്ടമായ ഇന്ത്യയെ ഇഷാൻ കിഷനും (61), ശ്രേയസ് അയ്യരും (50) ചേർന്ന് കര കയറ്റിയെങ്കിലും അവസാന ഓവറുകളില്‍ പതിവ് റണ്‍വേട്ട നടക്കാതെപോയത് തിരിച്ചടിയായി. തിലക് വർമ്മ(6), നമാൻ ധിർ (33), നിതീഷ് കുമാർ റെഡ്ഡി (22) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ആദം മില്‍നേയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ നഥാൻ സ്മിത്തും ബ്ളെയർ ടിക്നറും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗിനെ 200 കടക്കാതെ നിയന്ത്രിച്ചുനിറുത്തിയത്.
മറുപടിക്കിറങ്ങിയ കിവീസിന് വേണ്ടി ഓപ്പണർ ടിം സീഫർട്ട് (50 പന്തുകളില്‍ 11 ഫോറുകളും 5 സിക്സുകളുമടക്കം 93 റണ്‍സ്) ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതി. രണ്ടാം ഓവറില്‍ ഫിൻ അല്ലെനെ (2) നഷ്ടമായെങ്കിലും ഡാരില്‍ മിച്ചല്‍ (29), ഗ്ളെൻ ഫിലിപ്പ്സ് (38 പന്തുകളില്‍ 8 ഫോറുകളും 3 സി്കസുമടക്കം പുറത്താവാതെ 65 റണ്‍സ്) എന്നിവരുടെ പിന്തുണയോടെ സീഫർട്ട് ചേസിംഗിന് നേതൃത്വം നല്‍കി.16-ാം ഓവറില്‍ ടീമിനെ 168ല്‍ എത്തിച്ചശേഷമാണ് സീഫർട്ട് മടങ്ങിയത്.
കിവീസ് ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞതേയില്ല. കഴിഞ്ഞ കളിയില്‍ മാറ്റിനിറുത്തിയിരുന്ന വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന് ഒരവസരം കൂടി ഇന്നലെ നല്‍കിയെങ്കിലും നാലോവറില്‍ 41 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചതുമില്ല. അർഷ്ദീപിനും വരുണ്‍ ചക്രവർത്തിക്കും നിതീഷ് കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു. കിവീസ് പേസർ ആദം മില്‍നേയാണ് പ്ളേയർ ഒഫ് ദ മാച്ച്. പരമ്പരയില്‍ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 341 റണ്‍സ് നേടിയ ഗ്ളെൻ ഫിലിപ്പ്സാണ് പ്ളേയർ ഒഫ് ദ സിരീസായത്.
ഇന്ത്യ ഇനി ന്യൂസിലാൻഡുമായി അഞ്ച് ഏകദിനങ്ങളുടേയും രണ്ട് ടെസ്റ്റുകളുടേയും പരമ്പരകള്‍ കളിക്കുന്നുണ്ട്. ബുധനാഴ്ച ഓക്ലാൻഡിലാണ് ആദ്യ ഏകദിനം.

