ആദ്യ ഗോളും അവസാന ഗോളും ഒരേ വേദിയില്‍
ന്യൂയോർക്ക് : 16 വർഷം മുമ്പ് ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ അതേവേദിയില്‍ തന്നെ കരിയറിലെ അവസാനമത്സരവും കളിച്ച് ബ്രസീലിയൻ താരം നെയ്മർ.
ഇന്നലെ ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നോർവേയോട് തോറ്റതിന് പിന്നാലെയാണ് നെയ്മർ ദേശീയ ടീമിനോട് വിടചൊല്ലിയത്. 2010ല്‍ തന്റെ 18-ാം വയസില്‍ അമേരിക്കയ്ക്ക് എതിരായ സൗഹൃദ മത്സരത്തില്‍ നെയ്മർ അരങ്ങേറ്റം കുറിച്ചതും ഇതേവേദിയിലായിരുന്നു. ആ മത്സരത്തില്‍ ഹെഡറിലൂടെ ഒരു ഗോളും താരം നേടിയിരുന്നു. ഇന്നലെ നോർവേയ്ക്ക് എതിരെ പെനാല്‍റ്റിയിലൂടെയാണെങ്കിലും ബ്രസീലിന്റെ ഗോളടിച്ചത് നെയ്മറാണ്.
ക്രിസ്റ്റ്യാനോയ്ക്കും മെസിക്കുമൊപ്പം കഴിവുള്ള പ്രതിഭയെന്ന് ഒരുകാലത്ത് വിലയിരുത്തപ്പെട്ട നെയ്മറിന് വിലങ്ങുതടിയായത് പരിക്കുകളാണ്. 16 വർഷം നീണ്ട കരിയറില്‍ 130 മത്സരങ്ങളില്‍ കാനറിക്കുപ്പായത്തിലിറങ്ങിയ നെയ്മർ 80 ഗോളുകള്‍ നേടുകയും 59 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. പെലെയ്ക്ക് ശേഷം നാലുലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമായി. എന്നാല്‍ പരിക്കുകള്‍മൂലം ഇടയ്ക്കിടെ ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. മൂന്നുവർഷത്തോളമുള്ള ഇടവേള കഴിഞ്ഞാണ് ഈ ലോകകപ്പിനുള്ള ടീമിലെത്തിയത്. എന്നാല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വീണ്ടും പരിക്കേറ്റതിനാല്‍ രണ്ട് മത്സരങ്ങളില്‍ പകരക്കാരനായി കുറച്ചുസമയമാണ് കളിക്കാൻ കഴിഞ്ഞത്.
ഈ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഞാൻ തുടങ്ങിയത്. ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു.
- നെയ്മർ

