Dailyhunt
അറിവിന്റെ ആദ്യാമൃതം നുണഞ്ഞ് കുരുന്നുകള്‍

അറിവിന്റെ ആദ്യാമൃതം നുണഞ്ഞ് കുരുന്നുകള്‍

തിരുവനന്തപുരം: കൊവിഡ് ആശങ്കകള്‍ക്കിടയിലും വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷര മധുരം നുണഞ്ഞു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ആഘോഷത്തിന് നിയന്ത്രണമുണ്ടായതിനാല്‍ അധികംപേരും വീടുകളിലാണ് വിദ്യാരംഭം കുറിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ എഴുത്തിനിരുത്തിയില്ല. മറ്റിടങ്ങളില്‍ ഗുരുക്കന്മാര്‍ ആചാര്യസ്ഥാനം വഹിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുട്ടികളെ രക്ഷിതാക്കള്‍ മടിയിലിരുത്തി താലത്തില്‍ നിറച്ച അരിയില്‍ അക്ഷരമെഴുതിച്ചു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാന്‍ പുലര്‍ച്ച മുതല്‍ ഭക്തജനത്തിരക്കായിരുന്നു. സാധാരണ 800ലേറെ കുട്ടികള്‍ക്ക് വിദ്യാരംഭം നടത്താറുള്ള ഇവിടെ ഇത്തവണ മുന്‍കൂട്ടി അറിയിച്ച പ്രകാരം കുറച്ചുപേരെ എഴുത്തിനിരുത്തി.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും രക്ഷിതാക്കളാണ് 200 കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചത്. മേല്‍ശാന്തി പി. ഈശ്വരന്‍ നമ്ബൂതിരി കാര്‍മ്മികനായി. കരിക്കകം ചാമുണ്ഡിക്ഷേത്രത്തില്‍ മേല്‍ശാന്തി പെരിയമന എം.ബി.

അജയകൃഷ്ണന്‍ നമ്ബൂതിരി, ഹരീഷ് ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 300 ഓളം കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ആദ്യാക്ഷരം കുറിച്ചു. പൂജപ്പുര സരസ്വതിമണ്ഡപത്തില്‍ 200ഓളം കുട്ടികളെ എഴുത്തിനിരുത്തി. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നിവയില്‍ വിദ്യാരംഭം നടന്നു. ദാമോദരന്‍ പോറ്റി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയബാലതരംഗം 20 കേന്ദ്രങ്ങളില്‍ നടത്തുന്ന ആദ്യാക്ഷരവേദിയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജഗതിയിലുള്ള വസതിയില്‍ കുട്ടികള്‍ക്ക് അക്ഷരമെഴുതി നിര്‍വഹിച്ചു. ഡോ.എം.ആര്‍. തമ്ബാന്‍ കുട്ടികളെ എഴുത്തിനിരുത്തി. തോന്നയ്‌ക്കല്‍ ആശാന്‍ സ്‌മാരകം, നെയ്യാറ്റിന്‍കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തില്‍ നിന്ന് വേളിമല കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സാധാരണ വെള്ളിക്കുതിരപ്പുറത്ത് നടക്കുന്ന എഴുന്നള്ളത്ത് ഇക്കുറി ചെറിയവാഹനത്തിലാണ് നടത്തിയത്. ഉച്ചയ്‌ക്ക് ശേഷം പൂജപ്പുരയിലെത്തിച്ച കുമാരസ്വാമിക്ക് ആചാരപ്രകാരമുള്ള കാവടി അഭിഷേകം നടന്നു. ആഘോഷം, തട്ടപൂജ എന്നിവ ഒഴിവാക്കിയിരുന്നു.

വൈകിട്ട് നാലിന് പള്ളിവേട്ടയ്‌ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു. സന്ധ്യയ്‌ക്ക് ചെന്തിട്ടയില്‍ നിന്നും മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമര്‍പ്പണം എന്നിവയ്‌ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി. ചൊവ്വാഴ്ച വിഗ്രഹങ്ങള്‍ക്ക് നല്ലിരുപ്പാണ്. ബുധനാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളിക്കും. വെള്ളിയാഴ്ച വൈകിട്ട് വിഗ്രഹങ്ങള്‍ പദ്മനാഭപുരത്തെത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi