തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് സംഭവിച്ച ഉയർന്ന കയറ്റിറക്കുകള്‍ വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു.
നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കെല്‍ട്രോണ്‍ കവല ഇതിനകം അപകടക്കെണിയായി മാറിക്കഴിഞ്ഞു.
അരൂർ -കെല്‍ട്രോണ്‍ റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്ത് കുത്തനെയുള്ള കയറ്റം കയറിയിറങ്ങി വേണം വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും. ഉയരവ്യത്യാസം കാരണം ഈ ഭാഗത്ത് വാഹനങ്ങളെ നിയന്ത്രിക്കാൻ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുന്നത് ഇവിടെ പതിവാണ്. വലിയ വാഹനങ്ങള്‍ കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുളുന്നത് മറ്റു വാഹനങ്ങളില്‍ ഇടിക്കാൻ ഇടയാക്കുന്നു. വാഹനങ്ങള്‍ കുത്തനെ കയറിയിറങ്ങുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. ഉയർന്ന കയറ്റിറക്കുകള്‍ കാരണം റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. കെല്‍ട്രോണ്‍-കുമ്പളങ്ങി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം വർധിച്ചതും ദുരിതം ഇരട്ടിയാക്കുന്നു. അപകടസാധ്യത നിലനില്‍ക്കുന്ന ഭാഗത്തെ അപാകത പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

