കൊച്ചി: അനാഥക്കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ബൗദ്ധിക വികാസ വൈകല്യമുള്ളവർക്കും ജീവിതകാലം മുഴുവൻ താമസവും പരിചരണവും ഉറപ്പാക്കാൻ റിലയൻസ് ഫൗണ്ടേഷൻ.
മുംബയ്‌ക്കടുത്ത് കർജത്തില്‍ 100 ഏക്കറില്‍ ഒരുങ്ങുന്ന 'നിത മുകേഷ് അംബാനി അനന്ത് ആശ്രയ് ' പദ്ധതിക്ക് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി തുടക്കമിട്ടു. ഇന്നലെ നടന്ന ഭൂമിപൂജയോടെയാണ് പദ്ധതിയുടെ നിർമാണ നടപടികള്‍ ആരംഭിച്ചത്.
5,000-ത്തിലധികം പേർക്ക് ജീവിതകാലം മുഴുവൻ വീടൊരുക്കുകയാണ് ലക്ഷ്യം. താമസക്കാർക്ക് പുറമെ പരിചാരകർ, ആരോഗ്യപ്രവർത്തകർ, മറ്റ് ജീവനക്കാർ, അവരുടെ കുടുംബങ്ങള്‍ എന്നിവരടക്കം ഏകദേശം 15,000 പേർക്ക് സമുച്ചയം തണലേകും. ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതനുസരിച്ച് വിവിധ ഘട്ടങ്ങളിലായാണ് ലാഭേച്ഛയില്ലാതെ പദ്ധതി നടപ്പാക്കുക.
ലോകോത്തര ആരോഗ്യപരിചരണം, പ്രത്യേക സംവിധാനങ്ങള്‍, പഠിക്കാനും തൊഴില്‍ ചെയ്യാനുമുള്ള അവസരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര താമസകേന്ദ്രമാണ് അനന്ത് ആശ്രയ്. കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാനും പ്രകൃതിയോട് ചേർന്ന് കഴിയാനും ആഘോഷങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളികളാകാനും താമസക്കാർക്ക് അവസരമൊരുക്കും.
മാതാപിതാക്കള്‍ക്കുശേഷം തങ്ങളുടെ മക്കളെ ആര് സംരക്ഷിക്കുമെന്ന ആശങ്കയുള്ള കുടുംബങ്ങള്‍ക്ക് സമാധാനം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് നിത അംബാനി പറഞ്ഞു.

