പോത്തന്‍കോട്: തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രാന്തപ്രദേശ വികസന ഇടനാഴി സര്‍ക്കാര്‍ മറന്ന മട്ടില്‍. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ അനുബന്ധമായി രൂപപ്പെടുന്ന വ്യാപാര വാണിജ്യ മേഖലയും സുഗമമായ കാര്‍ഗോ നീക്കവും ലക്ഷ്യമിട്ടാണ് 'ഔട്ടര്‍ റിംഗ് റോഡ് " പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 60 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത നിര്‍മ്മിക്കാനും പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ സോണുകളും നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യം.
ഇതിനായി ആളൊഴിഞ്ഞ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി 1000 ഏക്കറോളം വരുന്ന സ്ഥലം കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട സാറ്റലൈറ്റ് സര്‍വേ പൂര്‍ത്തിയായിരുന്നു.
പ്രതിസന്ധി ഇങ്ങനെ....
ആദ്യ സര്‍വേയില്‍ ദേശീയപാതയിലെ മംഗലപുരം, അണ്ടൂര്‍ക്കോണം, പന്തലക്കോട്, കണക്കോട്, വേങ്കോട്, അരുവിക്കര, ചെറിയകൊണ്ണി, ചൊവ്വല്ലൂര്‍, വിളപ്പില്‍ശാല, കിള്ളി, തൂങ്ങാംപാറ, മടവൂര്‍പ്പാറ, ചാവടിനട, വെങ്ങാനൂര്‍, കല്ലുവെട്ടാന്‍കുഴി, വിഴിഞ്ഞം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ജനവാസ മേഖലകളില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നാവായിക്കുളം പാരിപ്പള്ളി വഴിയാക്കി 'ഔട്ടര്‍ റിംഗ് റോഡ് ' പുനഃക്രമീകരിച്ചു. ദേശീയപാതയില്‍ മംഗലപുരത്തുനിന്ന് നിര്‍ദിഷ്ട റോഡിലേക്ക് ഒരു ബൈപാസ് നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
തര്‍ക്കം തീരുന്നില്ല
കാര്‍ഷിക ഗ്രാമമായ മംഗലപുരത്തിന്റെ രണ്ട് വില്ലേജുകളില്‍ ആകെ ലഭ്യമായ സ്ഥലത്തിന്റെ 70 ശതമാനവും ക്ലേ മൈനിംഗിനായി ഉപയോഗിച്ചെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതോടെ പ്രദേശത്തെ കാര്‍ഷിക മേഖല നശിച്ചെന്നും അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ ടെക്നോസിറ്റി, ആയുര്‍വേദ ഗ്ലോബല്‍ വില്ലേജ്, ലൈഫ് സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്ക് വിട്ടുനല്കിയതായും ഇവര്‍ പറയുന്നു. ഇനിയൊരു സ്ഥലമെടുപ്പ് ചിന്തിക്കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

