ഗുരുവായൂര്‍ : ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരില്‍ ചിലര്‍ തന്നെ കാണാന്‍ വന്ന സമയത്ത് അഭിപ്രായപ്പെട്ടതനുസരിച്ചാണ് അയ്യപ്പന്റെ ഭണ്ഡാരം ക്ഷേത്രത്തിന് പുറത്ത് തെക്കേ പ്രദക്ഷിണ വഴിയില്‍ സ്ഥാപിച്ചതെന്ന് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു.
ശാന്തിക്കാരുടെ വരുമാനമടക്കമുള്ള പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ഓഫീസില്‍ വന്നു കണ്ട കീഴ്ശാന്തിക്കാരുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് ക്ഷേത്രത്തിന് പുറത്ത് ഭണ്ഡാരം വെയ്ക്കുന്ന കാര്യം അഭിപ്രായപ്പെട്ടത്. ക്ഷേത്രത്തിലെ ഉപദേവന്മാര്‍ക്കായി വഴിപാടുകള്‍ നടത്തുന്നതിന് പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് ഉപദേവന്മാര്‍ക്ക് കാണിക്കയിടാന്‍ സൗകര്യമില്ലെന്നും ഇതിനായി ഭണ്ഡാരം സ്ഥാപിക്കുന്നത് നല്ലതാണെന്നും തന്നെ കാണാന്‍ വന്ന കീഴ്ശാന്തിക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഭണ്ഡാരം പുറത്തേക്ക് വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
ഗുരുവായൂര്‍: ക്ഷേത്രത്തിലെ അയ്യപ്പന്റെ ഭണ്ഡാരം പുറത്തേക്ക് വെച്ചത് കീഴ്ശാന്തിക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എന്ന ദേവസ്വം ചെയര്‍മാന്റെ വാദം ശരിയല്ലെന്ന് കീഴ്ശാന്തി യൂണിയന്‍ സെക്രട്ടറി കൊടക്കാട്ട് കേശവന്‍ നമ്ബൂതിരി പത്രകുറിപ്പിലൂടെ അറിയിച്ചു. കീഴ്ശാന്തി യൂണിയന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെങ്കിലും ഒന്നോ രണ്ടോ കീഴ്ശാന്തിമാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ ആയതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കീഴ്ശാന്തിമാരുടെ പേരിലാക്കുന്നത് ശരിയല്ല. കൂടാതെ കുറച്ചു കാലങ്ങളായി ക്ഷേത്രം പാരമ്ബര്യ കീഴ്ശാന്തിക്കാരുടെ ക്ഷേത്രപ്രവര്ത്തികളില് ഇടപെടുന്ന ചെയര്‍മാന്റെ അനാവശ്യമായ അധികാര ദുര്‍വ്വിനിയോഗം നിര്ത്തലാക്കേണ്ടതുമാണെന്നും കേശവന്‍ നമ്ബൂതിരി പറഞ്ഞു.

