ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് സ്വദേശി കിരണ്‍ (22) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ പിതാവാണ് കിരണിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ യെലഹങ്ക സ്വദേശി ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മകളെ കിരണിനൊപ്പം കണ്ടതില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ആനന്ദ് സമ്മതിച്ചു. കിരണിന്റെ തൊഴിലുടമ കൂടിയാണ് ആനന്ദ്.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്വീറ്റ് കോണ്‍ ഉള്‍പ്പെടെ നിർമിക്കുന്ന കമ്പനിയാണ് ആനന്ദിന്റേത്. ഇവിടെയാണ് കിരണ്‍ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്‌തിരുന്നത്. ഇതിനിടെ ആനന്ദിന്റെ മകളായ 19കാരിയുമായി കിരണ്‍ പ്രണയത്തിലായി. മൈസൂരുവില്‍ പഠിക്കുന്ന 19കാരി ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടില്‍ വന്നിരുന്നു. ഇന്നലെ രാവിലെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോയപ്പോള്‍ കിരണ്‍ പെണ്‍കുട്ടിയെ കാണാൻ വീട്ടിലെത്തി. എന്നാല്‍, അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകളെയും കാമുകനെയും വീടിനുള്ളില്‍ കണ്ടു.
മകളെ ബന്ധുവീട്ടിലാക്കിയ ശേഷം ബാറ്റ്, പൈപ്പ് എന്നിവ ഉപയോഗിച്ച് ആനന്ദ് കിരണിനെ ക്രൂരമായി മർദിച്ചു. അടിവയറ്റില്‍ ചവിട്ടേറ്റ കിരണ്‍ കുഴഞ്ഞുവീണപ്പോള്‍ ആനന്ദ് തന്നെയാണ് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ വിട്ടത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കിരണ്‍ മരിച്ചു.
കിരണിന്റെ സഹോദരൻ ബംഗളൂരുവിലെ പച്ചക്കറി കടയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പമാണ് കിരണ്‍ താമസിച്ചിരുന്നത്. നിലവില്‍ കിരണിന്റെ മൃതദേഹം ബംഗളൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

