Dailyhunt
ബാറ്റിംഗിനിടെ പന്ത് കൊണ്ടു; പരിശീലനം നിര്‍ത്തി ഗ്രൗണ്ട് സ്റ്റാഫിനടുത്തേക്ക് ഓടിയെത്തി രോഹിത്

ബാറ്റിംഗിനിടെ പന്ത് കൊണ്ടു; പരിശീലനം നിര്‍ത്തി ഗ്രൗണ്ട് സ്റ്റാഫിനടുത്തേക്ക് ഓടിയെത്തി രോഹിത്

മുംബയ്: പരിക്കില്‍ നിന്ന് മോചിതനായി ഐപിഎല്‍ മത്സരങ്ങളിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണ് രോഹിത് ശർമ്മ. ഹാൻസ്ട്രിംഗ് പരിക്കിനെ തുടർന്ന് ഇതുവരെ നാല് മത്സരങ്ങളാണ് താരം കളിച്ചത്.

ഇപ്പോഴിതാ നെറ്റ്സ് പരിശീലനത്തിനിടെ രോഹിത് അടിച്ച പന്ത് അബദ്ധത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ ദേഹത്ത് കൊണ്ട സംഭവമാണ് ചർച്ചയാകുന്നത്. മുംബയ് ഇന്ത്യൻസിന്റെ പരിശീലനത്തിടെയായിരുന്നു സംഭവം. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിക്കൊണ്ടിരുന്ന രോഹിത്തിന്റെ ഒരു ഷോട്ട് അടുത്തുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫ് അംഗമായ സിബൻ ബിശ്വാസിന്റെ മുട്ടില്‍ ശക്തമായി കൊള്ളുകയായിരുന്നു. പന്ത് കൊണ്ട ഉടൻ തന്നെ രോഹിത് ബാറ്റിംഗ് നിർത്തിവച്ച്‌ സിബന് അടുത്തേക്ക് ഓടിയെത്തി.

പരിശീലനം തുടരാൻ മറ്റുള്ളവർ നിർദ്ദേശിച്ചെങ്കിലും, അതൊന്നും വകവയ്ക്കാതെ രോഹിത് പരിക്കേറ്റ സിബനൊപ്പം സമയം ചിലവഴിച്ചു. വെറുമൊരു ക്ഷമാപണത്തില്‍ ഒതുക്കാതെ, പരിക്കേറ്റ ഭാഗത്ത് വയ്ക്കാനുള്ള ഐസ് പാക്കും മരുന്നുകളും സ്‌പ്രേയും രോഹിത് തന്നെ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്തു. കൃത്യമായ പ്രാഥമിക ചികിത്സ ഉറപ്പുവരുത്തിയ ശേഷമാണ് മുൻ ഇന്ത്യൻ നായകൻ പരിശീലനം പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച്‌ സിബൻ വിശ്വാസിന്റെ പ്രതികരണവും ശ്രദ്ധേയമായി.

'രോഹിത് സർ പറഞ്ഞത് കേട്ട് ഓഫ് സൈഡിലെ നെറ്റുകള്‍ മാറ്റിയിട്ട് അവിടെ തന്നെ നില്‍ക്കുകയായിരുന്നു ഞാൻ. അദ്ദേഹം ബാറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചില്ല. പെട്ടെന്നാണ് പന്ത് വന്ന് എന്റെ ഇടതുകാലിലെ മുട്ടില്‍ കൊണ്ടത്. ഉടനെ തന്നെ അദ്ദേഹം എന്റെ അടുത്തേക്ക് ഓടിയെത്തി പരിക്കുണ്ടോ എന്ന് അന്വേഷിച്ചു. സാരമില്ലെന്ന് ഞാൻ മറുപടിയും നല്‍കി. എനിക്ക് വേദനയുണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും രോഹിത് ഭായിയെപ്പോലൊരാള്‍ ഓടിയെത്തി എന്റെ സുഖവിവരം അന്വേഷിക്കുകയും കൈകൊടുക്കുകയും ചെയ്തപ്പോള്‍ ആ വേദനയൊക്കെ ഞാൻ മറന്നുപോയി. വലിയൊരു നിമിഷമായിരുന്നു.'- സിബൻ ബിശ്വാസ് പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന മുംബയ് ഇന്ത്യൻസില്‍ രോഹിത്തിന്റെ ഫിറ്റ്നസും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വരാനിരിക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ടീമിന് ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് സാദ്ധ്യതകള്‍ക്ക് അറുതിയായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi