കണ്ണൂർ: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകർച്ച വ്യാധികള്‍ പകരുന്നതു തടയാൻ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മിക്ക ഹോട്ടലുകളും സുരക്ഷിതമെന്നു കണ്ടെത്തല്‍.
കർശന പരിശോധനയായ 'ഓപ്പറേഷൻ മണ്‍സൂണി'ല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത് ജില്ലയിലെ 10 ശതമാനം ഹോട്ടലുകളില്‍ മാത്രം.
ജൂണ്‍ മാസത്തില്‍ 870 ഹോട്ടലുകളില്‍ പരിശോധന നടത്തിയപ്പോള്‍ പൂട്ട് വീണത് ആകെ മൂന്ന് ഹോട്ടലുകള്‍ക്ക് മാത്രം. പ്രശ്നങ്ങള്‍ കണ്ടെത്തിയ 89 ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഹോട്ടലുകള്‍, തട്ടുകടകള്‍, ജ്യൂസ് പാർലറുകള്‍ എന്നിവിടങ്ങളാണ് പരിശോധിച്ചത്.
ഓരോ ഹോട്ടലുകളും നിർബന്ധമായും പാലിക്കേണ്ട ശുചിത്വസുരക്ഷാ മാനദണ്ഡങ്ങള്‍ ജില്ലയിലെ ചില സ്ഥാപനങ്ങള്‍ പാലിക്കപ്പെടാത്തതായി പരിശോധനയില്‍ വ്യക്തമായി. പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ യഥാസമയം ശുചീകരിക്കാതെയും പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയുമാണ് ചിലവ പ്രവർത്തിക്കുന്നത്.
നാട്ടിലെ ചില ഹോട്ടലുകള്‍ ഷവർമ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലായിരുന്നു പാചകം ചെയ്യുന്നത്. പാകം ചെയ്യുന്ന സാഹചര്യം അതീവ വൃത്തിഹീനമായ നിലയിലായിരുന്നതോടൊപ്പം ചിലയിടങ്ങളില്‍ ഈച്ചശല്യവും രൂക്ഷമാകുന്നുണ്ട്. ഇതിനെതിരെ നടപടി കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മഴക്കാലത്ത് പകർച്ചവ്യാധികള്‍ വർദ്ധിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ മണ്‍സൂണ്‍, ഓപ്പറേഷൻ ഷിഗല്ല എന്നീ പേരുകളില്‍ പരിശോധനകള്‍ കർശനമാക്കിയത്.
പരിശോധന സ്ക്വാഡുകളായി തിരിഞ്ഞ്
മഴക്കാലത്തെ പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ ജില്ലയിലെ ഹോട്ടലുകളിലെ ഭക്ഷണം, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന രീതി എന്നിവയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചത്. 12 ഓഫീസർമാരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡായാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും സുരക്ഷിതമെന്ന് കണ്ടെത്തി.
പരിശോധിച്ച സ്ഥാപനങ്ങള്‍ 870
പ്രവർത്തനം റദ്ദാക്കിയത് 3
പിഴ അടപ്പിച്ചത് 89

